നിയമസഭാ കക്ഷിയോഗം ഇന്ന്
print edition വടംവലി കൊഴുക്കുന്നു ; ഹെെക്കമാൻഡ് വിയർക്കും


സി കെ ദിനേശ്
Published on May 07, 2026, 03:21 AM | 1 min read
തിരുവനന്തപുരം: എംഎൽഎമാരുടെ തലയെണ്ണി മുഖ്യമന്ത്രിയെ നിശ്‌ചയിക്കുന്നതിൽ കോൺഗ്രസിൽ തർക്കം. എംഎൽഎമാരുടെ പിന്തുണയില്ലാത്ത വി ഡി സതീശനെയും പരിചയ സന്പന്നനായ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെയും ഒഴിവാക്കാനാവാതെ ഹൈക്കമാൻഡ് വിഷമവൃത്തത്തിലാണ്.
രാഹുൽ– പ്രിയങ്കമാരെ സ്വാധീനിച്ച് സതീശനും ചെന്നിത്തലയ്‌ക്കും മുകളിലൂടെ കെ സി വേണുഗോപാൽ കസേരയുറപ്പിക്കാനും ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയെ രാഹുൽ ഗാന്ധി തീരുമാനിച്ചാൽ മതി എന്ന തന്ത്രപരമായ നിലപാടിലാണ് കെ സി വേണുഗോപാൽ.
എംഎൽഎമാരുടെ തലയെണ്ണി റിപ്പോർട്ട് നൽകാനായി ഹൈക്കമാൻഡ് നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവർ തിരുവനന്തപുരത്തെത്തി.
കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വ്യാഴാഴ്‌ച വിളിച്ചിട്ടുണ്ട്. സീനിയർ നേതാക്കൾ യോഗം ചേർന്നശേഷം രാവിലെ എംഎൽഎമാരെ കാണും.
തുടർന്ന് എംപിമാരെയും മുതിർന്ന നേതാക്കളെയും ഘടകകക്ഷി നേതാക്കളെയുംകണ്ട് അഭിപ്രായം തേടി രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകും. നിരീക്ഷകരുടെ റിപ്പോർട്ട് എന്തുതന്നെയായാലും അന്തിമതീരുമാനം രാഹുലിന്റേതാകുമെന്നും അത് അനുകൂലമാകുമെന്നുമാണ് കെ സി വേണുഗോപാൽ വിഭാഗത്തിന്റെ ആത്മവിശ്വാസം.
എംഎൽഎമാരെ ഒറ്റയ്‌ക്കേ നിരീക്ഷകർ കാണാവൂ എന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി ഒപ്പമുണ്ടാകരുതെന്നും വി ഡി സതീശൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.
കെ സുധാകരൻ, എ ഗ്രൂപ്പ് നേതാവ് ബെന്നി ബെഹ-നാൻ, ഷാഫി പറമ്പിൽ തുടങ്ങിയവർ വേണുഗോപാലിനൊപ്പമാണ്. ഡൽഹിയിൽനിന്ന് വേണുഗോപാലിനെ വിടാൻ രാഹുൽഗാന്ധി വിസമ്മതിച്ചാൽ രമേശ് ചെന്നിത്തലയെ ഇവർ പിന്തുണയ്‌ക്കും. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വേണുഗോപാല്‍ വിഭാഗവും 25 പേർ കൂടെയുണ്ടെന്ന് ചെന്നിത്തല പക്ഷവും പറയുന്നു.
ഡൽഹിയിലെത്തി ചെന്നിത്തല, സോണിയ ഗാന്ധിയെ കണ്ടതിനുപിന്നാലെ കെ സി വേണുഗോപാലുമായും ചർച്ച നടത്തി. ഘടകകക്ഷികളെ ഒപ്പം നിർത്തി മുഖ്യമന്ത്രിസ്ഥാനം നേടാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്. സതീശന പിന്തുണച്ച് മുസ്‌ലിം ലീഗ് പരസ്യമായി രംഗത്തുവന്നിരുന്നു. മറ്റു ഘടകകക്ഷികൾ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല.










0 comments