കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം മുറുകുന്നു; യുഡിഎഫിൽ കടുത്ത അതൃപ്തി

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ കോൺഗ്രസ് നേതൃത്വം ഉഴറുന്നു. കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടും അന്തിമ തീരുമാനം എടുക്കാൻ ഹൈക്കമാൻഡിന് സാധിച്ചിട്ടില്ല.
മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് കോൺഗ്രസിനുള്ളിലും യുഡിഎഫ് ഘടകകക്ഷികൾക്കിടയിലും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസം വലിയ വിജയത്തിന്റെ നിറം കെടുത്തിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പരസ്യമായി പ്രതികരിച്ചു.
ഘടകകക്ഷികളായ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ അതൃപ്തിയുമായി രംഗത്തെത്തിയിട്ടുണ്ട്. ലീഗ് നേതാക്കൾ പരസ്യവിമർശനം ഉന്നയിച്ചതിന് പിന്നാലെ, വിഷയം ചർച്ച ചെയ്യാൻ ലീഗ് സംസ്ഥാന നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും. മറ്റ് ഘടകകക്ഷികളും തങ്ങളുടെ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ നേതാക്കളോട് ഹൈക്കമാൻഡ് അഭിപ്രായങ്ങൾ തേടിയതല്ലാതെ, ആരെ മുഖ്യമന്ത്രിയാക്കുമെന്ന സൂചനയൊന്നും നൽകിയിട്ടില്ല. ഇന്നലെ രാത്രി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ വി എം സുധീരൻ കേരളത്തിലെ നിലവിലെ സാഹചര്യങ്ങളും ജനവികാരവും ബോധ്യപ്പെടുത്തിയതായി അറിയിച്ചു.
പ്രഖ്യാപനം ഇനിയും വൈകുന്നത് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും മണിക്കൂറുകളിൽ ഹൈക്കമാൻഡ് എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയിലാണ് അണികളും നേതാക്കളും.










0 comments