കേരളത്തിൽ അഴിച്ചുപണിക്ക് ഭയപ്പെട്ട് ഹൈക്കമാൻഡ്

ന്യൂഡൽഹി
കെപിസിസി പുനഃസംഘടന തർക്കങ്ങളില്ലാതെ പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് എഐസിസി നിർദേശം. ആവശ്യമായ സ്ഥലങ്ങളിൽമാത്രം പുനഃസംഘടന മതിയെന്നും തർക്കങ്ങളിലേക്ക് നീങ്ങാതെ നോക്കണമെന്നും കെപിസിസി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ എഐസിസി നേതാക്കൾ മുന്നറിയിപ്പ് നൽകി. കേരളത്തിലെ കോൺഗ്രസിൽ നേതാക്കൾക്കിടയിലെ ഭിന്നത രൂക്ഷമായി തുടരുന്നതിൽ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചു.
പൂർണതോതിലുള്ള പുനഃസംഘടനാ നീക്കത്തിൽ എഐസിസി താൽപ്പര്യം കാട്ടിയില്ല. തെരഞ്ഞെടുപ്പിനുമുമ്പായി ഇത്തരമൊരു അഴിച്ചുപണി ഗ്രൂപ്പുപോര് രൂക്ഷമാക്കാൻ വഴിയൊരുക്കുമെന്ന ആശങ്കയാണ് ഹൈക്കമാൻഡിനുള്ളത്. ഇത് സംസ്ഥാനത്ത് കോൺഗ്രസിനെയും യുഡിഎഫിനെയും കൂടുതൽ ദുർബലപ്പെടുത്തുമെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തി. ശശി തരൂർ സമീപകാലത്ത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ കേരളത്തിൽ ഏതുവിധം ചലനങ്ങളാണ് സൃഷ്ടിക്കുകയെന്നതും യോഗത്തിൽ ചർച്ചയായി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റ് പി സി വിഷ്‌ണുനാഥ്, സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി എന്നിവർ ചർച്ചയിൽ പങ്കാളികളായി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ചയിൽ പങ്കാളികളായില്ല. ശശി തരൂരിന്റെ മുഖ്യമന്ത്രിപദ മോഹത്തോട് പ്രതികരിക്കവെ, അക്കാര്യം ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.









0 comments