print edition പടലപ്പിണക്കം, പോര് ; ആടിയുലഞ്ഞ് പ്രതിപക്ഷം

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടുണർന്നിട്ടും ആത്മവിശ്വാസത്തോടെ പോരാട്ടത്തിനിറങ്ങാനാകാതെ യുഡിഎഫും ബിജെപിയും. വിമതശല്യം തീർക്കലാകും വരും ദിവസങ്ങളിൽ കോൺഗ്രസിന്റെ പ്രധാന പ്രതിസന്ധി. പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള ഗ്രൂപ്പ് പ്രതിഷേധങ്ങളും സ്ഥാനാർഥി നിർണയത്തെ ബാധിച്ചു. വി ഡി സതീശൻ ഒരു ഭാഗത്തും ബാക്കിയുള്ളവരെല്ലാം മറുഭാഗത്തും നിന്നാണ് പോര്.
തിരുവനന്തപുരത്ത് ഏതാനും പേരുടെ പട്ടിക പുറത്തിറക്കിയ ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ മുരളീധരന്റെ ജാഥ യൂത്ത് കോൺഗ്രസുകാർ തടഞ്ഞു. സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനായിട്ടില്ല. ജോസഫ് ഗ്രൂപ്പ് ഒറ്റയ്ക്ക് മത്സരിക്കുകയാണ്.
സംസ്ഥാനവും ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ഒന്പതര വർഷമായി ഭരണത്തിന് പുറത്തുനിർത്തിയിട്ടും കോൺഗ്രസിൽ തമ്മിലടിക്ക് കുറവില്ല. കോഴിക്കോട് ഡിസിസിയിൽ സ്ഥാനാർഥി നിർണയത്തിന് മുന്നോടിയായി കൂട്ടത്തല്ലുണ്ടായി. തർക്കംമൂലം പലയിടത്തും നൂറുകണക്കിന് പ്രവർത്തകരാണ് പാർടി വിടുന്നത്. ചുരുക്കം തദ്ദേശ സ്ഥാപനങ്ങളേ ഭരിക്കുന്നുള്ളുവെങ്കിലും കണ്ണൂർ കോർപറേഷനിൽ ഉൾപ്പെടെ വന്പൻ അഴിമതി ആരോപണമാണ് യുഡിഎഫ് നേരിടുന്നത്.
തിരുവനന്തപുരം കോർപറേഷനിൽ പ്രതിപക്ഷത്തുള്ള ബിജെപി കൗൺസിലർമാർ അഴിമതിയാരോപണം നേരിടുന്നു. ബിജെപിക്ക് ഭരണമുള്ള പാലക്കാട്, പന്തളം നഗരസഭകളിലും സ്ഥിതി വേറെയല്ല. ഒട്ടേറെ ജനകീയ പദ്ധതികൾ അട്ടിമറിച്ചു. ബിജെപി – കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ നേതാക്കൾ നടത്തുന്ന അഴിമതിയും അതിനെ തുടർന്നുണ്ടാകുന്ന ആത്മഹത്യയും സ്ഥിരം സംഭവമായി. ബിജെപി നേതാക്കൾ വായ്പയെടുത്ത് വഞ്ചിച്ചത് മൂലമാണ് കൗൺസിലർ തിരുമല അനിൽ ആത്മഹത്യ ചെയ്തത്.
താനും സമാന അവസ്ഥയിലാണെന്ന് സംസ്ഥാന മുൻ വക്താവും തിരുവിതാംകൂർ സഹകരണസംഘം പ്രസിഡന്റുമായിരുന്ന എം എസ് കുമാറും വെളിപ്പെടുത്തി.
രാജീവ് ചന്ദ്രശേഖറിനെക്കൊണ്ട് പാർട്ടി നയിക്കാൻ കഴിയില്ലെന്ന വിലിരുത്തലാണ് ബിജെപിയിലെ മുതിർന്ന നേതാക്കൾക്കുള്ളത്. സംസ്ഥാന സർക്കാരിനേയും എൽഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളേയും ഭരണത്തിന്റെ പേരിൽ വസ്തുതകൊണ്ട് വിമർശിക്കാൻ പ്രതിപക്ഷത്തിനും ബിജെപിക്കും കഴിയുന്നില്ല. ജനകീയ വിഷയങ്ങളോ ക്ഷേമമോ വികസനമോ ചർച്ചയാക്കാൻ അവർ തയ്യാറല്ല.









0 comments