Deshabhimani

print edition കോൺഗ്രസ്‌ നേതാവ്‌ അധിക്ഷേപിച്ചെന്ന്‌ വനിതാ പഞ്ചായത്ത് പ്രസിഡന്റ്

Assam congress.jpg
വെബ് ഡെസ്ക്

Published on Sep 30, 2026, 01:30 AM | 1 min read

പറവൂർ : കോൺഗ്രസ് ഭരിക്കുന്ന പുത്തൻവേലിക്കര പഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാരിയായ പ്രസിഡന്റിനെ പൊതുജനമധ്യത്തില്‍ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അധിക്ഷേപിച്ചതായി പരാതി. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുള്ള പുത്തൻവേലിക്കരയിൽ കോൺഗ്രസിനകത്ത് ഭിന്നിപ്പിന് സംഭവം വഴിതുറന്നു.

തന്നെ ആക്ഷേപിച്ച കോൺഗ്രസ്‌ വടക്കേക്കര ബ്ലോക്ക് പ്രസിഡന്റ്‌ ഫ്രാൻസിസ് വലിയപറമ്പിലിനെതിരെ മുനമ്പം ഡിവൈഎസ്‌പിക്ക് പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാധാകൃഷ്ണൻ പറഞ്ഞു. ഞായർ വൈകിട്ട് മാളവന പള്ളിഹാളിൽ നടന്ന വിവാഹസൽക്കാരത്തിനിടെയാണ് സംഭവം.

ഇളന്തിക്കരയിൽ ഒക്ടോബർ രണ്ടിന് ഏഴ് വാർഡുകൾ ചേർന്ന് നടത്തുന്ന മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച നോട്ടീസിന്റെ പേരില്‍ ഒരു വനിതാ പഞ്ചായത്ത്‌ അംഗം തനിക്കെതിരെ വാക്കാൽപറഞ്ഞ പരാതിയെപ്പറ്റി ബ്ലോക്ക് പ്രസിഡന്റ് സംസാരിച്ചിരുന്നു. വിഷയത്തിന്റെ നിജസ്ഥിതി അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അന്ന് വൈകിട്ട്, സമുദായനേതാവായ കോൺഗ്രസ് പ്രവർത്തകന്റെ മകളുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ അവിടെയെത്തിയ ഫ്രാൻസിസ് വലിയപറമ്പിൽ പരസ്യമായി അവഹേളിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റതുമുതൽ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും ചില പഞ്ചായത്ത്‌ അംഗങ്ങളും തനിക്ക്‌ എതിരാണ്. മുഖ്യമന്ത്രി വി ഡി സതീശനോട് പരാതി പറഞ്ഞിരുന്നു. പ്രാദേശികനേതാക്കളോട്‌ പറഞ്ഞ് പരിഹരിക്കാനാണ് അദ്ദേഹം പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്‌പ്പിക്കാനാണ് ഫ്രാൻസിസ് വലിയപറമ്പിലടക്കമുള്ളവരുടെ ശ്രമമെന്നും പലവട്ടം അപമാനിക്കാൻ ശ്രമിച്ചതിനാലാണ് പരാതി നൽകിയതെന്നും പ്രസന്ന രാധാകൃഷ്ണൻ പറഞ്ഞു.

പഞ്ചായത്തിലെ കോൺഗ്രസ്‌ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പായ "കോൺഗ്രസ് പിവികെ ഒഫീഷ്യലി'ലൂടെ പ്രസന്ന രാധാകൃഷ്ണനെ അഴിമതിക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രമം നടത്തിയത് സംബന്ധിച്ചും പരാതിയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home