എലപ്പുള്ളിയിൽ സിപിഐ എം സമരത്തിന് നേരെ കോൺഗ്രസ്- ബിജെപി അക്രമം

എലപ്പുള്ളി: എലപ്പുള്ളി പഞ്ചായത്തിലെ കോൺഗ്രസ് - ബിജെപി ദുർഭരണത്തിനെതിരെ സിപിഐ എം പഞ്ചായത്തിന് മുന്നിൽ സംഘടിപ്പിച്ച ഉപരോധ സമരത്തിന് നേരെ കോൺഗ്രസ്- ബിജെപി അക്രമം. സംഘടിതമായി എത്തിയ കോൺഗ്രസ് - ബിജെപി ഭരണ സമിതി അംഗങ്ങളും പ്രവർത്തകരും ആക്രമണം നടത്തുകയായിരുന്നു. സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് ആക്രമണവും കയ്യേറ്റവുമുണ്ടായത്.
ലൈഫ് മിഷനിൽ വീട് നൽകാതിരിക്കുക, തൊഴിലുറപ്പ് തൊഴിൽ നിഷേധിക്കുക, റോഡിൻ്റെ ദുർഘടാവസ്ഥ, കുന്നംകാട്ടുപതി ജലസേചന പദ്ധതിയിലെ ക്രമക്കേടുകൾ, തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ചാണ് മുൻകുട്ടി തീരുമാനിച്ച പ്രകാരം സിപിഐ എം പഞ്ചായത്തിന് മുന്നിൽ ഉപരോധ സമരമാരംഭിച്ചത്. ചൊവ്വ രാവിലെ എട്ടിന് ഇരുന്നൂറിലേറെ ആളുകൾ പങ്കെടുത്ത സമരം സമാധാനപരമായി നീങ്ങവെയാണ് പഞ്ചായത്ത് പ്രസിഡൻ്റ് കെ രേവതി ബാബു ഉൾപ്പെടെയുള്ള കോൺഗ്രസ് ഭരണസമിതി അംഗങ്ങളും, ബിജെപി ഭരണ സമിതി അംഗങ്ങളും അണികളെകൂട്ടി സമരത്തിന് നേരെ ആക്രമണം നടത്തിയത്. ബലം പ്രയോഗിച്ച് സമരം പൊളിക്കാനും പഞ്ചായതിനകത്ത് ഇവർ തള്ളികയറാനും ശ്രമിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് ഇവരെ പിടിച്ച് മാറ്റിയത്.
ഉപരോധസമരം സിപിഐ എം ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ ആർ സുരേഷ്കുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എസ് സുഭാഷ് ചന്ദ്രബോസ്, ഏരിയ കമ്മിറ്റിയംഗം എം നസീമ, ലോക്കൽ സെക്രട്ടറിമാരായ പി സി ബിജു, എം സുന്ദരൻ, കെ സതീഷ്കുമാർ എന്നിവർ സംസാരിച്ചു.
വിറളി പൂണ്ട് കോൺഗ്രസും ബിജെപിയും
എലപ്പുള്ളിയിൽ അഞ്ച് വർഷമായി ഒരേ ഐക്യത്തോടെ പ്രവർത്തിക്കുന്ന കോൺഗ്രസ് - ബിജെപി ഭരണ സമിതിയംഗങ്ങൾ നടത്തിയ അഴിമതികൾക്കും സ്വജനപക്ഷ തീരുമാനങ്ങൾക്കും കണക്കില്ല. ലൈഫ് മിഷനിൽ വീടുകൾ നൽകാതെയും എംഎൽഎ ഫണ്ടിൽ നിന്നുള്ള വികസന പ്രവർത്തനങ്ങൾക്ക് തടയിട്ടും പഞ്ചായത്തിലെ ജനങ്ങളെ ചൂഷണം ചെയ്തുള്ള ഭരണമായിരുന്നു ഇരുകൂട്ടരും ചേർന്ന് നടത്തിയത്. ഇതിനെതിരെ സിപിഐഎമ്മിൻ്റെ നേതൃത്വത്തിൽ കിഴക്കൻ മേഖല, പടിഞ്ഞാറൻ മേഖല വികസന വിരുദ്ധ ജാഥ സംഘടിപ്പിച്ചിരുന്നു. ഇതിലെ വൻ ജനപങ്കാളിത്തവും സ്വീകരണങ്ങളും കോൺഗ്രസ് - ബിജെപി പ്രവർത്തകർക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി. ജാഥയുടെ തുടർച്ചയായാണ് പഞ്ചായത്തിന് മുന്നിൽ സിപിഐ എം ഉപരോധസമരം മുൻ കൂട്ടി തീരുമാനിച്ചത്. ഇതിന് മുൻപും നിരവധി തവണ പഞ്ചായത്തിൻ്റെ ദുർ ഭരണത്തിനെതിരെ സിപിഐ എം സമരങ്ങൾ നടത്തിയിരുന്നു.
എന്നാൽ ചൊവ്വാഴ്ച പ്രഖ്യാപിച്ച സമരം പൊളിക്കാനും അക്രമം അഴിച്ച് വിടാനും കോൺഗ്രസ് - ബിജെപി ഭരണ സമിതിയംഗങ്ങൾ സംയുക്തമായി തീരുമാനം എടുത്ത ശേഷം മാധ്യമങ്ങളെ വിവരമറിയിക്കുകയും സ്ഥലത്ത് സംഘർഷമുണ്ടാകുമെന്ന് വിവരം നൽകുകയും ചെയ്തു. മാധ്യമങ്ങൾ എത്തിയ ശേഷമാണ് ഇരു കൂട്ടരുടെയും നാടകം തുടങ്ങിയത്. സമാധാനപരമായി സമരം ചെയ്യുകയായിരുന്ന സിപിഐ എം പ്രവർത്തകർക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ പഞ്ചായത്തിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് മുതിർന്നു.
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എസ് സുഭാഷ് ചന്ദ്രബോസിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ ചെറുത്ത് നിന്നതോടെ റോഡ് ഉപരോധമെന്ന നാടകത്തിലേക്ക് കോൺഗ്രസ് ഭരണ സമിതി അംഗങ്ങൾ നീങ്ങി. ഇവർക്ക് പൂർണ പിന്തുണയുമായി ബിജെപിയും ഒപ്പം നിന്നു. എന്നാൽ കസബ പൊലീസ് സംഭവ സ്ഥലത്തെത്തി റോഡ് ഉപരോധിച്ചരെ 5 മിനിറ്റിനകം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ കരുതിക്കൂട്ടിയുള്ള അക്രമങ്ങളും റോഡ് ഉപരോധമെന്ന നാടകവും പൊളിഞ്ഞതോടെ ഇളിഭ്യരായി നിന്ന കോൺഗ്രസ്, ബിജെപി ഭരണ സമിതിയംഗങ്ങൾ സിപിഐ എം നടത്തിയ ഉപരോധ സമരം പൂർത്തിയാക്കിയ ശേഷമാണ് പഞ്ചായത്തിൽ കടന്നത്. ഇതിനിടെ റോഡ് ഉപരോധിച്ചതിന് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ പത്തിലേറെ ആളുകൾക്കെതിരെ കസബ പൊലീസ് കേസെടുത്തു.









0 comments