കാവിയെ വളർത്തിയ കോൺഗ്രസുകാരുടെ ഓർമക്കുറവ്


സാജൻ എവുജിൻ
Published on Jan 08, 2026, 06:03 PM | 2 min read
തിരുവനന്തപുരം: ഏതോ സഹയാത്രികൻ എവിടെയോ പോയെന്ന് കണ്ടപ്പോൾ ആഘോഷിക്കുന്ന കോൺഗ്രസുകാരുടെ ശ്രദ്ധയിലേയ്‌ക്ക്. ആന്റണിയുടെ മകൻ, കെ കരുണാകരന്റെ മകൾ, സിന്ധ്യയുടെ മകൻ, ഹിമാന്ത ബിസ്വ ശർമ, പെമ ഖണ്ഡു, ജഗദബിംക പാൽ, റീത്ത ബഹുഗുണ, മണിക് സാഹ, എസ് എം കൃഷ്ണ, അശോക് ചവാൻ, ബീരേന്ദ്ര സിങ്, ഡി പുരന്ദേശ്വരി, സുനിൽ ഝാക്കർ, ക്യാപ്‌റ്റൻ അമരീന്ദർ സിങ്, ഗൗരവ് ബല്ലഭ്, ജഗദീഷ് ഷെട്ടർ, ഷഹ്‌സാദ് പൂനവാല, കിരൺകുമാർ റെഡ്ഡി, ആർ പി എൻ സിങ്, ജിതിൻ പ്രസാദ്, സത്‌പാൽ മഹാരാജ്, മിലിന്ദ് ദേവ്‌റ, ബസവ്‌രാജ് പാട്ടീൽ, മഹേന്ദ്രജിത് മാളവ്യ, സുരേഷ് പച്ചൗരി, സഞ്‌ജയ് ശുക്ല, ഹാർദ്ദിക് പട്ടേൽ, ടോം വടക്കൻ...
കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയ പ്രമുഖരുടെ പട്ടികയാണ്, ഇതിൽ മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമുണ്ട്, ഇൗ പദവികൾ വഹിച്ചവരുടെ മക്കളുണ്ട്. യുഡിഎഫ് ഭരണകാലത്ത് പിഎസ്‌സി ചെയർമാനും കാലടി സർവകലാശാല വിസിയുമായിരുന്ന ഡോ. കെ എസ് രാധാകൃഷ്‌ണൻ ഇപ്പോൾ ബിജെപിയിലാണ്. മുസ്ലിംലീഗ് നോമിനിയായി കാലിക്കറ്റ് സർവകലാശാല വിസി പദം വഹിച്ചയാളും ബിജെപിയിലെത്തി.
കേന്ദ്രമന്ത്രിമാരിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിലും മന്ത്രിമാരിലും വലിയ വിഭാഗം മുൻ കോൺഗ്രസുകാരാണ്. കോൺഗ്രസിന് അധികാരം നഷ്ടമായിടത്ത് മാത്രമല്ല, കോൺഗ്രസ് അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിലെ നേതാക്കളും ബിജെപിയിൽ ചേക്കേറി. അരുണാചൽപ്രദേശിൽ കോൺഗ്രസ് നിയമസഭ കക്ഷി ഒന്നടങ്കം ബിജെപിയായി. ത്രിപുരയിൽ പിസിസി അപ്പാടെ ബിജെപിയായി. മധ്യപ്രദേശിൽ രണ്ട് ഡസനോളം കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് ബിജെപി ഭരണത്തിന് വഴിയൊരുക്കി. കർണാടകത്തിൽ ഓപ്പറേഷൻ താമരയ്‌ക്ക് വഴങ്ങിക്കൊടുത്തതും കോൺഗ്രസുകാർ. രാജസ്ഥാനിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഡസൻകണക്കിന് കോൺഗ്രസുകാർ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ അംബര്‍നാഥില്‍ മുഴുവന്‍ കോൺഗ്രസ് കൗൺസിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു. മറ്റത്തൂരിന്റെ മഹാരാഷ്‌ട്ര മോഡൽ.
ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്‌ട്ര, ഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, അസം, ഗുജറാത്ത്, ആന്ധ്രപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിൽ ബിജെപിയുടെ ജനപ്രതിനിധികളിൽ ഏറിയപങ്കും മുൻ കോൺഗ്രസുകാരാണ്. ഇതൊക്കെ അധികാരം ലക്ഷ്യമിട്ടുള്ള കൂറുമാറ്റം എന്നു പറയാം.
ആശയപരമായോ? മതനിരപേക്ഷ ഇന്ത്യക്ക് പ്രഹരമേൽപിച്ച് ബാബറി മസ്‌ജിദ് തകർത്തപ്പോൾ കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു നിഷ്‌ക്രിയത്വം പാലിച്ചു. ആ സ്ഥലത്ത് രാമക്ഷേത്രം പണിതപ്പോൾ കോൺഗ്രസ് ആഘോഷിച്ചു. രാജീവ് ഗാന്ധിയുടെ ആഗ്രഹമാണ് നിറവേറ്റിയതെന്നു വരെ ചില കോൺഗ്രസുകാർ അവകാശപ്പെട്ടു. പ്രാണപ്രതിഷ്‌ഠ ചടങ്ങിലേയ്‌ക്ക് ക്ഷണിക്കാത്തതിൽ കോൺഗ്രസ് പ്രമുഖർ പരിഭവിച്ചു. സാമ്പത്തികനയങ്ങളുടെ കാര്യത്തിലും കോൺഗ്രസും ബിജെപിയും തമ്മിൽ ഭേദമില്ല. ഉദാരവൽക്കരണ നയങ്ങൾ ബിജെപി സർക്കാർ വേണ്ടത്ര വേഗത്തിൽ നടപ്പാക്കുന്നില്ലെന്ന് മാത്രമാണ് പി ചിദംബരത്തെപ്പോലുള്ളവരുടെ പരാതി. കോർപറേറ്റുകളെ വളർത്താനും ഇരുകൂട്ടരും തമ്മിൽ മത്സരമാണ്. റിലയൻസിനെ വളർത്തിയത് കോൺഗ്രസാണെങ്കിൽ അദാനിയുടെ വളർച്ചയ്‌ക്ക് പിന്നിൽ ഇരു പാർടിക്കും പങ്കുണ്ട്. തന്ത്രപ്രധാന തുറമുഖങ്ങൾ അദാനിക്ക് കൈമാറിയത് കോൺഗ്രസ് സർക്കാരുകളാണ്.










0 comments