ഹരിതകർമ സേനാംഗങ്ങളെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും കോൺഗ്രസും ബിജെപിയും

പ്രതീകാത്മക ചിത്രം
കൊല്ലം: വോട്ടെടുപ്പിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹരിതകർമ സേനാംഗങ്ങളെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും കോൺഗ്രസും ബിജെപിയും. സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചതിന് കോൺഗ്രസ് പ്രവർത്തകൻ കൊല്ലം സ്വദേശി സിറാജുദീനെതിരെയും ഭീഷണിപ്പെടുത്തിയതിനു താമരക്കുളം ഡിവിഷൻ എൻഡിഎ സ്ഥാനാർഥി പ്രണവ് താമരക്കുളത്തിനെതിരെയുമാണ് ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി ലഭിച്ചത്.
പ്രണവ് താമരക്കുളം സോപാനം ഓഡിറ്റോറിയത്തിലെ ബൂത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹരിതകർമ സേനാംഗങ്ങളെയാണ് ഭീഷണിപ്പെടുത്തിയത്. താൻ വിജയിച്ച് എത്തിയാൽ കോർപറേഷനിൽനിന്ന് ഇവരെ പുറത്താക്കുമെന്നായിരുന്നു ഹരിതകർമ സേനാംഗങ്ങളായ ആൻസി, ഹസീന എന്നിവർക്കുനേരെയുള്ള ഭീഷണി. കടപ്പാക്കട ടികെഡിഎം സ്കൂളിലെ ബൂത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെയാണ് കോൺഗ്രസ് പ്രവർത്തകർ അധിക്ഷേപിച്ചത്. ഇരവിപുരത്തെ ഒരു ബൂത്തിൽനിന്ന് ഹരിതകർമ സേനാംഗങ്ങളെ ബിജെപി പ്രവർത്തകർ പുറത്താക്കിയതായും പറയുന്നു.
ഹരിതചട്ടം പാലിക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം ശുചിത്വമിഷനാണ് അജൈവമാലിന്യം ശേഖരിക്കുന്നതിനായി ഹരിതകർമസേനയെ പോളിങ് ബൂത്തിൽ നിയോഗിച്ചത്. ഇവർക്കുനേരെയായിരുന്നു കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ അധിക്ഷേപം. സംഭവുമായി ബന്ധപ്പെട്ട് കോർപറേഷൻ സെക്രട്ടറിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ഹരിതകർമ സേനാംഗങ്ങൾ.










0 comments