print edition കോൺഗ്രസിൽ കുറ്റസമ്മതം: വയനാട് ഫണ്ട് വെട്ടിപ്പ് തിരിച്ചടിയായി

പ്രത്യേക ലേഖകൻ
Published on Apr 21, 2026, 12:00 AM | 1 min read
തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ഫലം വരാൻ 13 ദിവസം ബാക്കിനിൽക്കെ പുതിയ വിവാദത്തിന് തിരികൊളുത്തി കോൺഗ്രസ്. വയനാട് ദുരന്തബാധിതരുടെ പേരിൽ പിരിച്ച കോടികൾ മുക്കിയതും സംഭവം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കൈകാര്യംചെയ്ത രീതിയും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് വൃത്തങ്ങളാണ് സണ്ണിയെ മാറ്റുമെന്നതടക്കമുള്ള പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. കെപിസിസി പ്രസിഡന്റ് മത്സരിക്കുന്നതിനാൽ ഷാഫി പറമ്പിലിന് ചുമതല നൽകാൻ ധാരണയുണ്ടായിരുന്നു. സണ്ണി ഒഴിയാൻ തയ്യാറായില്ല. ഇൗ സാഹചര്യത്തിൽ പുതിയ വിവാദം സംശയാസ്പദമാണെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് നിർമിക്കാനെന്നപേരിൽ കോൺഗ്രസ് ഭൂമി വാങ്ങിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ല. രാഹുൽഗാന്ധിയും വയനാട് എംപി പ്രിയങ്കാഗാന്ധിയും ചേർന്ന് കല്ലിട്ടെങ്കിലും ഒരു തറപോലും ഉയർന്നില്ല. 150 കോടിയോളം രൂപ പിരിച്ചെന്ന വാർത്തയും പരന്നു. പിരിച്ച ആപ്പ് തന്നെ കാണാതായി. തെരഞ്ഞെടുപ്പിന്റെ മൂർധന്യത്തിലെ വിവാദം യുഡിഎഫിനെ പ്രതിരോധത്തിലാക്കി. ഇൗ ഘട്ടത്തിൽ തയ്യാറെടുപ്പില്ലാതെ സണ്ണിജോസഫ് നടത്തിയ പത്രസമ്മേളനം തിരിച്ചടിച്ചുവെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കളുടെ വിലയിരുത്തൽ.
സർക്കാർ ഒരുക്കിയ ടൗൺഷിപ്പിൽ ആദ്യഘട്ടം ഉദ്ഘാടനം നടന്നു, കോൺഗ്രസ് പ്രഖ്യാപിച്ച മുന്നൂറു വീടിൽ വീട് പോയിട്ട് മുഴൂവൻ സ്ഥലംപോലും രജിസ്‌റ്റർ ചെയ്യാനായില്ല – ഇതായി പൊതുവിലയിരുത്തൽ. കോൺഗ്രസ് ഫണ്ട് വെട്ടിച്ചെന്ന് നാട്ടുകാർക്ക് ബോധ്യമായി. അതിനെ മറികടക്കാൻ തക്ക തന്ത്രം മെനയാൻ കെപിസിസി പ്രസിഡന്റിന് കഴിഞ്ഞില്ലെന്നാണ് ഷാഫി, വിഷ്ണുനാഥ്, എ പി അനിൽകുമാർ തുടങ്ങിയവരുടെ അഭിപ്രായം. ഇതാണ് ഹൈക്കമാൻഡും പങ്കുവയ്ക്കുന്നത്.











0 comments