റാന്നിയിൽ കോൺഗ്രസ് നേതൃയോഗം അടിച്ചുപിരിഞ്ഞു

റാന്നി
നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിശ്‌ചയിച്ചത് സംബന്ധിച്ച തീരുമാനം കരാറാക്കത്തതിനെ ചൊല്ലി കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്. മണ്ഡലം പ്രസിഡന്റ് സിബി താഴത്തില്ലത്ത് അത്തിക്കയത്ത് വിളിച്ചുചേർത്ത യോഗമാണ് അടിച്ചുപിരിഞ്ഞത്. കോൺഗ്രസ് നേതാവ് എ കെ ലാലുവിന് മർദ്ദനമേറ്റിട്ടുണ്ട്. കസേരകൾ നിലത്തടിച്ച് തകർത്തു. ജെയിംസ് കക്കാട്ടുകുഴിയുടെ ഷർട്ട വലിച്ചുകീറി. സംഘർഷം രൂക്ഷമായതോടെ വ്യാഴാഴ്‌ച ചേരുന്ന ഡിസിസി നേതൃയോഗത്തിൽ പരാതിയുമായി എത്താൻ പറഞ്ഞ് സിബി താഴത്തില്ലത്ത് തടിതപ്പുകയായിരുന്നു.
മുതിർന്ന അംഗം തോമസ് ജോർജിനെ ആദ്യം പ്രസിഡന്റ് ആക്കണമെന്നായിരുന്നു ഒരുവിഭാഗത്തിന്റെ ആവശ്യം. എന്നാൽ എംപിമാരായ ആന്റോ ആൻറണിയും അടൂർ പ്രകാശും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും ഇടപെട്ടതോടെ തോമസ് ജോർജിന് ആദ്യ അവസരം നഷ്‌ടപ്പെട്ടു. എച്ച് സുനിൽകുമാറിനെയാണ് പ്രസിഡന്റാക്കിയത്.
രണ്ടാംഘട്ടത്തിൽ തോമസ് ജോർജിനെ പരിഗണിക്കുമെന്ന് ധാരണയായെങ്കിലും കരാർ ഇന്നേവരെ ഒപ്പിട്ടിട്ടില്ല. ഇതിനായി മുദ്രപത്രം വരെ വാങ്ങിയിരുന്നു. മുതിർന്ന നേതാക്കളുടെ ഒത്തുകളിയാണ് ഒപ്പിടാതിരിക്കാൻ കാരണമെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. അന്ന് തർക്കം തീർക്കാനെത്തിയ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ജനുവരി 30നകം കരാറിൽ ഒപ്പുവയ്‌പിക്കുമെന്ന് ഉറപ്പുനൽകി മടങ്ങിയെങ്കിലും പിന്നീട് മധു ഈ വഴിക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് തോമസ് ജോർജിനെ അനുകൂലിക്കുന്നവർ പറഞ്ഞു.









0 comments