കോർപറേഷനിൽ ‘കൈ’ സഹായം: നികുതി അപ്പീൽ സമിതി ബിജെപിയ്‌ക്ക്

സ്വന്തം ലേഖിക
Published on Jan 13, 2026, 10:47 PM | 1 min read
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് – ബിജെപി കൂട്ടുകെട്ടിന്റെ തുടർച്ച വീണ്ടും. ബിജെപിയെ കോർപറേഷനിലെ സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പദവിയിലെത്തിച്ച് യുഡിഎഫ്. നികുതി അപ്പീൽ സമിതി അധ്യക്ഷ പദവി തെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ വിനീത സജീവ് നറുക്കെടുപ്പിലൂടെ ചെയർപേഴ്‌സണായത്. ഒരു ബുദ്ധിമുട്ടുമില്ലാതെ പിടിച്ചെടുക്കാവുന്ന കമ്മിറ്റി ബോധപൂർവം ബിജെപിയ്‌ക്ക് കിട്ടാൻ യുഡിഎഫ് വഴിയൊരുക്കുകയായിരുന്നു.
തദ്ദേശ തെരെഞ്ഞടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും നടന്ന യുഡിഎഫ്–ബിജെപി സഖ്യത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിലൊന്നാണ് യുഡിഎഫിലൂടെ ബിജെപിയ്‌ക്ക് കിട്ടിയ അധ്യക്ഷ പദവി. ധനകാര്യം, വികസനം, വിദ്യാഭ്യാസം, മരാമത്ത്, നഗരാസൂത്രണം, ആരോഗ്യം എന്നീ ആറ് കമ്മിറ്റികളിൽ എൽഡിഎഫ് നേടി. ക്ഷേമകാര്യ സമിതി അധ്യക്ഷ പദവി ലീഗിനാണ്.
35 അംഗങ്ങളുള്ള എൽഡിഎഫ് ആറ് കമ്മിറ്റികൾ പിടിച്ചപ്പോൾ 28 പേരുള്ള യുഡിഎഫിന് നികുതി അപ്പീൽ ഉൾപ്പെടെ രണ്ട് സ്‌റ്റാൻഡിങ് കമ്മിറ്റികളെങ്കിലും എളുപ്പം പിടിക്കാമായിരുന്നു. പക്ഷെ ക്ഷേമ കാര്യ സമിതി മാത്രമാണ് യുഡിഎ-ഫിന് ലഭിച്ചത്. പല വാർഡുകളിലും പരസ്‌പരം വോട്ട് മറിച്ച യുഡിഎഫ് – ബിജെപി ബാന്ധവം സ്‌റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലേക്കും നീങ്ങുകയായിരുന്നു. നഗരത്തിലെ എട്ട് വാർഡുകളിൽ യുഡിഎഫിന് വോട്ട് മറിച്ച ബിജെപിയ്‌ക്കുള്ള നന്ദി സൂചകമായി ഒരു അധ്യക്ഷ പദവി നൽകുന്ന രീതിയിലായിരുന്നു കമ്മിറ്റികളിലേക്ക് നോമിനേഷൻ നൽകിയത്. അങ്ങനെയാണ് 13 അംഗങ്ങളുള്ള ബിജെപിക്ക് നികുതി അപ്പീൽ സമിതി ലഭിച്ചത്.
ജയസാധ്യത ഇല്ലാത്ത മറ്റ് കമ്മിറ്റികളിൽ അംഗങ്ങളെ തിരുകി കയറ്റിയതോടെ യുഡിഎഫിന് മത്സരിക്കാൻ അംഗങ്ങളില്ലാതായി. മറ്റ് കമ്മിറ്റികൾ പിടിക്കാനുമായില്ല. യുഡിഎഫിനും ബിജെപിയ്‌ക്കും നാല് വീതമായിരുന്നു നികുതി അപ്പീൽ കമ്മിറ്റിയിൽ അംഗങ്ങൾ. ഒരാളെ കൂടുതൽ നിർത്തിയാൽ മതിയായിരുന്നു. കോൺഗ്രസിലെ കെ സി ശോഭിതയെ അധ്യക്ഷ പദവിയിലെത്തിക്കുന്നത് തടയാൻ ശ്രമിച്ച ഒരു വിഭാഗം ബിജെപിയ്‌ക്ക് പാതവെട്ടുകയായിരുന്നു.
ലീഗിന്റെ സമ്മർദത്തിന് വഴങ്ങി പല പ്രധാന കമ്മിറ്റികളിലും ലീഗിന്റെ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി. പ്രാധാന്യമുള്ള കമ്മിറ്റികൾ കൊതിച്ച് കോൺഗ്രസും ലീഗും നിരത്തി മത്സരിച്ചു. 14 അംഗങ്ങളുള്ള ലീഗിന് സ്‌റ്റാൻഡിങ് കമ്മിറ്റി ലഭിച്ചിട്ടും തുല്യസീറ്റുള്ള കോൺഗ്രസിന് ഒരു സ്‌റ്റാൻഡിങ് കമ്മിറ്റി പോലും ഇല്ലാതെ നാണംകെട്ടിരിക്കുകയാണ്.










0 comments