എ വി റസലിന്റെ വിയോഗം തൊഴിലാളി വർഗ പ്രസ്ഥാനത്തിന് കനത്ത നഷ്ടം: അനുശോചനവുമായി നേതാക്കൾ

തിരുവനന്തപുരം: സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എ വി റസലിന്റെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ. കെ രാധാകൃഷ്ണൻ എം പി അനുശോചിച്ചു. വിദ്യാർത്ഥി യുവജന കാലഘട്ടം മുതൽ സഖാവുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ കോട്ടയം ജില്ലാ സമ്മേളനത്തിൽ വളരെയധികം ഊർജസ്വലതയോടെയും ചിട്ടയോടെയുമുള്ള സഖാവിന്റെ പ്രവർത്തനമാണ് സമ്മേളനം വൻ വിജയമാക്കിയത്. പാർടിയുടെ പ്രവർത്തനത്തിൽ ഇനിയും അനവധി സംഭാവനകൾ ചെയ്യാൻ കഴിവുള്ള സഖാവിനെയാണ് നഷ്ടമായതെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.
കോട്ടയം ജില്ലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച സഖാവായിരുന്നു റസൽ. തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളിൽ അടിയുറച്ചു നിന്ന ഉത്തമനായ കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് സഖാവിന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. സഖാവിന്റെ നിര്യാണം തൊഴിലാളി വർഗ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മന്ത്രി വി ശിവൻകുട്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എ വി റസലിന്റെ വിയോഗം പാര്‍ടിയ്ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വലിയ നഷ്ടമാണ്. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പാര്‍ടിയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തി കൂടിയാണ് അദ്ദേഹം. കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടെയും സഖാക്കളുടേയും ദു:ഖത്തില്‍ പങ്ക് ചേരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി.
എ വി റസലിന്റെ പെട്ടെന്നുണ്ടായ മരണം കോട്ടയം ജില്ലയിലെയും കേരളത്തിലെയും കമ്മ്യൂണിസ്റ്റ് - പുരോഗമന ചേരിക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. സഖാവിന്റെ മരണത്തിൽ മുഴുവൻ സഖാക്കളുടെയും പുരോഗമനവിശ്വാസികളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും മന്ത്രി പി രാജീവ് അറിയിച്ചു.









0 comments