സംസ്ഥാനത്ത് ഷിഗല്ലയും മസ്തിഷ്കജ്വരവും ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുന്നു; രണ്ടാഴ്ചയ്ക്കുള്ളിൽ 24 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ വിവിധ ജില്ലകളിൽ പകർച്ചവ്യാധി വ്യാപന നിയന്ത്രണം വെല്ലുവിളിയായ് തുടരുന്നു. ഷിഗല്ല, മസ്തിഷ്കജ്വരം ചിക്കൻഗുനിയ, എലിപ്പനി, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ രോഗങ്ങളാണ് വ്യത്യസ്ത ജില്ലകളിലായി വ്യാപിക്കുന്നത്. ഇതിനിടയിൽ നിപ കൂടി റിപ്പോര്‍ട് ചെയ്തതോടെ ആശങ്ക തീവ്രമായി.
ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം ജൂൺ 1 മുതൽ ഇതുവരെ വിവിധ പകർച്ചവ്യാധികൾ പിടിപെട്ട് 24 പേർ മരണപ്പെട്ടു. ഇതുകൂടാതെ പകർച്ചവ്യാധി മൂലമെന്ന് സംശയിക്കുന്ന 12 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങൾ പ്രകാരമുള്ള കണക്കുകൾ മാത്രമാണിത്. നിപ ബാധിച്ച വ്യക്തി തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഇതിനിടെ രോഗം സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട് ആരോഗ്യ മന്ത്രി അറിഞ്ഞില്ലെന്ന വാര്‍ത്ത പുറത്തെത്തി. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗ സ്ഥിരീകരണം നടന്നത് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിട്ടും ഫലം വന്നില്ലെന്ന പ്രതികരണമാണ് ആരോഗ്യ മന്ത്രിയിൽ നിന്നുണ്ടായത്. പ്രതിരോധ സംവിധാനങ്ങളുടെ ഏകോപനത്തിലെ വീഴ്ച പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിനൊപ്പം ആശങ്ക വര്‍ധിപ്പിക്കുന്ന സാഹചര്യമായി.
ഷിഗല്ലയും മസ്തിഷ്കജ്വരവും ആശങ്ക
ഈ മാസം മാത്രം സംസ്ഥാനത്ത് 38 പേർക്ക് ഷിഗല്ല സ്ഥിരീകരിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു. 20 ഓളം പേർ ഷിഗല്ല ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഈ വർഷം ജനുവരി 1 മുതൽ ഇതുവരെ 114 പേർക്കാണ് സംസ്ഥാനത്ത് ഷിഗല്ല സ്ഥിരീകരിച്ചത്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഈ ബാക്ടീരിയൽ രോഗം കടുത്ത വയറിളക്കം, പനി, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. ശുചിത്വവും സൂക്ഷമതയും പാലിക്കാൻ ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതീവ അപകടകാരിയായ അമീബിക് മസ്തിഷ്കജ്വരവും ആശങ്ക തീര്‍ക്കുന്നു. രോഗം ബാധിച്ച് ഈ മാസം രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ട് പേർക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 133 പേർക്ക് മസ്തിഷ്കജ്വരം ബാധിക്കുകയും 33 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി എല്ലാ മാസവും ഈ രോഗം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇവ നിയന്ത്രണത്തിലായിരുന്നു എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വില്ലനായി ഇൻഫ്ലുവൻസയും
ഈ മാസം പകർച്ചവ്യാധികൾ മൂലമുണ്ടായ മരണങ്ങളിൽ ഏറ്റവും കൂടുതൽ ഇൻഫ്ലുവൻസ മൂലമാണ്. 529 പേർക്ക് രോഗം ബാധിച്ചതിൽ 7 പേർ മരണപ്പെട്ടു. സാധാരണ മഴക്കാല പടര്‍ച്ചയാണെങ്കിലും ഇൻഫ്ലുവൻസയും ജീവനെടുക്കുന്ന സാഹചര്യമാണ്. ചിക്കൻഗുനിയ കേസുകളും കേരളത്തിൽ കുതിച്ചുയരുകയാണ്. ഈ മാസം 617 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ മൂന്ന് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൂടാതെ 2,161 ഓളം പേർ ചിക്കൻഗുനിയ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.
എലിപ്പനിയും ഹെപ്പറ്റൈറ്റിസ് എയും മഴയ്ക്കൊപ്പം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം എലിപ്പനി 88 കേസുകൾ ഉണ്ടായി. ഹെപ്പറ്റൈറ്റിസ് എ 265 കേസുകളും റിപ്പോര്‍ട് ചെയ്യപ്പെട്ടു. ഈ രോഗങ്ങൾ ബാധിച്ച് രണ്ടുപേർ വീതം മരണപ്പെട്ടു.
സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ ആവര്‍ത്തിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മന്ത്രി അവകാശപ്പെട്ടു. ആരോഗ്യ വകുപ്പിൻ്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പകര്‍ച്ച വ്യാധി ബാധിത പ്രദേശങ്ങളിൽ ബോധവൽക്കരണവും നിയന്ത്രണ നടപടികളും തുടരുന്നു.
ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്
പകർച്ചവ്യാധികൾ തടയുന്നതിനായി വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആഹാര പദാർത്ഥങ്ങൾ അടച്ച് സൂക്ഷിക്കുക, കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്നിവ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും അറിയിച്ചു.










0 comments