വിഷക്കൂണുകൾ; മഴക്കാലത്തെ മറഞ്ഞിരിക്കുന്ന ഭീഷണി

ഡോ. പി വി മോഹനൻ
Published on Jun 12, 2026, 11:39 AM | 2 min read
മഴക്കാലത്ത് പറമ്പുകളിലും കാടുകളിലും പുൽമേടുകളിലും മരക്കുറ്റികളിലും വിവിധയിനം കൂണുകൾ വളരും. ഇവയിൽ ചിലത് പോഷകസമൃദ്ധമായ ഭക്ഷണമാണെങ്കിൽ, മറ്റു ചിലത് അതീവ മാരക വിഷവസ്തുക്കളുടെ കലവറയാണ്. കാഴ്ചയിൽ ഒരുപോലെ തോന്നുന്നതിനാൽ ഭക്ഷ്യക്കൂണുകളെയും വിഷക്കൂണുകളെയും വേർതിരിച്ചറിയുക പ്രയാസകരം. അതുകൊണ്ടുതന്നെ പരിചയമില്ലാത്ത കാട്ടുകൂണുകൾ ശേഖരിച്ച് ഭക്ഷണമാക്കുന്നത് വിഷബാധയ്ക്കും കരൾ-, വൃക്ക തകരാറിനും ചിലപ്പോൾ മരണത്തിനും കാരണമാകാം. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് പലയിടത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ലോകത്ത് 56,000 മുതൽ ഒരുലക്ഷ-ത്തിലധികംവരെ കൂണിനങ്ങളുള്ളതായി കണക്കാക്കുന്നു. ഇവയിൽ നൂറുകണക്കിന് ഇനങ്ങൾ വിഷമുള്ളവയാണ്. മനുഷ്യരിൽ വിഷബാധയ്ക്ക് കാരണമാകുന്ന പ്രധാന ഇനങ്ങൾ നൂറോളംമാത്രമാണെങ്കിലും അവയിൽ 15 മുതൽ 20 വരെ ഇനങ്ങൾ അതീവ മാരകങ്ങളുമാണ്.
അപകടകാരികളായവ
ഡെത്ത് ക്യാപ്: ലോകത്തിലെ ഏറ്റവും അപകടകാരിയായ വിഷക്കൂണായി ഡെത്ത് ക്യാപ്പിനെ കണക്കാക്കുന്നു. ഭക്ഷ്യയോഗ്യമായ കൂണുകളോട് സാമ്യമുള്ളതിനാൽ അബദ്ധത്തിൽ ഭക്ഷണമാക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിൽ അടങ്ങിയിരിക്കുന്ന അമാറ്റോക്സിനുകൾ കരളിനെയും വൃക്കകളെയും ഗുരുതരമായി ബാധിക്കുന്നു. പാചകം ചെയ്താലോ ഫ്രീസ് ചെയ്താലോ വിഷാംശം നശിക്കില്ല. ലോകത്തെ കൂൺവിഷബാധ മരണങ്ങളിൽ ഭൂരിഭാഗവും ഇവ മൂലമാണ്.
ഡിസ്ട്രോയിങ് ഏയ്ഞ്ചൽ: പൂർണമായും വെളുത്ത നിറമുള്ള നിരവധി അമാനിറ്റ ഇനങ്ങൾ ഈ പേരിൽ അറിയപ്പെടുന്നു. ഇവയിലും അമാറ്റോക്സിനുകൾ അടങ്ങിയിട്ടുണ്ട്. കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം പൂർണമായും തകരാറിലാക്കി മരണത്തിലേക്ക് നയിക്കാൻ ഇവയ്ക്ക് കഴിയും.
ഫാൾസ് മോറൽ: യഥാർഥ മോറൽ കൂണുകളോട് സാമ്യമുള്ള വിഷക്കൂണുകളുടെ പൊതുപേരാണ് ഫാൾസ് മോറൽ. മസ്തിഷ്കത്തെപ്പോലെ ചുളിവുകളും മടക്കുകളും നിറഞ്ഞ തൊപ്പി, ചുവപ്പു-തവിട്ടുമുതൽ കടുംതവിട്ടുവരെയുള്ള നിറം, തേൻകൂടുപോലെയുള്ള ക്രമമായ രൂപമില്ല എന്നിവയാണ് പ്രത്യേകത. വനപ്രദേശങ്ങളിലും പൈൻ മരങ്ങൾക്കടുത്തും കാണുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ജൈറോമിട്രിൻ ശരീരത്തിൽ പ്രവേശിച്ചശേഷം വിഷമുള്ള മോണോമെഥൈൽ ഹൈഡ്രസീനായി മാറുന്നു. ഇത് കരൾ, വൃക്ക, നാഡീവ്യവസ്ഥ എന്നിവയെ ബാധിക്കുകയും അപസ്മാരം, ഗുരുതര വിഷബാധ, മരണം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യാം.
ഫ്ലൈ അഗാരിക്: വെളുത്ത പുള്ളികളോടുകൂടിയ കടുംചുവപ്പ് നിറത്തിലുള്ള തൊപ്പിയാണ് ഈ കൂണിന്റെ പ്രത്യേകത. ലോകത്ത് ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന കൂണുകളിൽ ഒന്നാണിത്. ഇതിൽ ഐബോട്ടെനിക് ആസിഡും മുസ്സിമോളും അടങ്ങിയിരിക്കുന്നു. വിഷബാധയേറ്റാൽ തലകറക്കം, കാഴ്ചഭ്രമം, ആശയക്കുഴപ്പം, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. മരണനിരക്ക് താരതമ്യേന കുറവാണെങ്കിലും കുട്ടികൾക്ക് ഇത് അപകടകരമാണ്.
വെബ് ക്യാപ്: വൃക്കകളെ ഗുരുതരമായി ബാധിക്കുന്ന ഒറെല്ലാനിൻ എന്ന വിഷവസ്തു അടങ്ങിയ കൂണുകളാണ് വെബ് ക്യാപ്പുകൾ. ഇവയുടെ പ്രത്യേകത വിഷബാധയുടെ ലക്ഷണങ്ങൾ പലപ്പോഴും ഒരാഴ്ചമുതൽ മൂന്നാഴ്ചവരെ കഴിഞ്ഞാണ് പ്രകടമാകുന്നത് എന്നതാണ്. അതുവരെ വൃക്കകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിരിക്കാം.
കേരളത്തിൽ
കേരളത്തിൽ കാണുന്ന പ്രധാന വിഷക്കൂണുകളിൽ ചിലതിനെപ്പറ്റി അറിഞ്ഞിരിക്കണം.
അമാനിറ്റ: ലോകത്തിലെ ഏറ്റവും മാരകമായ വിഷക്കൂണുകൾ ഉൾപ്പെടുന്ന വിഭാഗമാണിത്. തണ്ടിന്റെ ചുവട്ടിലെ സഞ്ചിപോലുള്ള വോൾവയും തണ്ടിലെ റിങ് ഘടനയും ഇവയുടെ പ്രത്യേകതയാണ്.
ഇനോസൈബി: കേരളത്തിൽ ഇനോസൈബി വിഷബാധയുടെ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കൂണുകളിൽ മുസ്കറിൻ വിഷവസ്തു അടങ്ങിയിരിക്കും. ഛർദി, വയറിളക്കം, അമിത വിയർപ്പ്, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കാം.
ക്ലിറ്റോസൈബി: മുസ്കറിൻ അടങ്ങിയ മറ്റൊരു വിഷക്കൂൺ വിഭാഗം. പുൽമേടുകളിലും തോട്ടങ്ങളിലും കാണുന്നവ..
കോർട്ടിനാരിയസ് / വെബ് ക്യാപ്: വൃക്കയെ ഗുരുതരമായി ബാധിക്കുന്ന ഒറെല്ലാനിൻ വിഷവസ്തു അടങ്ങിയവ. വിഷബാധാ ലക്ഷണങ്ങൾ ദിവസങ്ങൾക്കോ ആഴ്ചകൾക്കോശേഷമാണ് പ്രത്യക്ഷപ്പെടുക.
ഗൈറോമിട്ര–ഫാൾസ് മോറൽ: മോറൽ കൂണുകളോട് സാമ്യമുള്ള വിഷക്കൂണുകൾ. കരളിനെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്ന ജൈറോമിട്രിൻ വിഷവസ്തു അടങ്ങിയവ.
ലെപിയോട്ട: ചെറിയ കുടക്കൂണുകളെപ്പോലെ കാണുന്ന ചില ലെപിയോട്ട ഇനങ്ങളിൽ അമാറ്റോക്സിനുകൾ അടങ്ങിയിട്ടുണ്ട്. ഇവ അതീവ അപകടകാരികൾ.
വിഷബാധ: ലക്ഷണങ്ങൾ
വിഷക്കൂൺ കഴിച്ചതിന് മിനിറ്റുകൾമുതൽ മണിക്കൂറുകൾക്കുള്ളിൽ ഛർദി, വയറിളക്കം, വയറുവേദന, തലകറക്കം, അമിത വിയർപ്പ്, കാഴ്ചമങ്ങൽ, ശ്വാസതടസ്സം, ആശയക്കുഴപ്പം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. കീടങ്ങൾ തിന്നുന്ന കൂൺ സുരക്ഷിതമാണെന്നോ പാചകംചെയ്താൽ വിഷം നശിക്കുമെന്നോ ധരിക്കരുത്. വിഷബാധ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം. കഴിച്ച കൂണിന്റെ ചിത്രമോ സാമ്പിളോ കൈവശം കരുതണം.
സുരക്ഷിതമായവ
കൃഷിഭവനുകൾ, കാർഷിക സർവകലാശാലകൾ, അംഗീകൃത കർഷകർ, വിശ്വസനീയ വിപണികൾ എന്നിവിടങ്ങളിൽനിന്ന് ലഭിക്കുന്ന കൂണുകൾമാത്രം ഉപയോഗിക്കുക. കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന ബട്ടൺ, ഓയ്സ്റ്റർ, മിൽക്കി, പാഡി സ്ട്രോ മഷ്റൂമുകൾ പൊതുവേ സുരക്ഷിതമാണ്.










0 comments