സീറ്റിനടിയിലും പെട്രോൾ ടാങ്കിലും പാമ്പ്; ഇതുവരെ പിടികൂടിയത് 19 പെരുമ്പാമ്പിനെ, ഉറക്കം നഷ്ടപ്പെട്ടുവെന്ന് വീട്ടുടമ

പിടികൂടിയ പാമ്പിന്‍ കുഞ്ഞുങ്ങള്‍ (Photo: Screengrab)
തൃശ്ശൂർ: പെരുമ്പാമ്പുകളുടെ ശല്യത്തെ തുടർന്ന് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ് പൂങ്കുന്നം സീതാറാംമിൽ ലെയിനിൽ ശ്രീകൃഷ്ണനിലയത്തിൽ ബി. കാർത്തിക്കിനും കുടുംബത്തിനും. മൂന്നു ദിവസത്തിനിടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 19 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെയാണ്. പെരിങ്ങാവ് ഭാഗത്തുനിന്ന് പുഴയ്ക്കൽ ഭാഗത്തേക്കു പോകുന്ന തോടിനു സമീപമാണ് കാർത്തിക്കിന്റെ വീട്.
ചൊവ്വാഴ്ച രാവിലെ കാർത്തിക്കിന്റെ സഹോദരൻ ശരത്താണ് വീടിന്റെ ഗേറ്റിനോടു ചേർന്ന് പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടത്. ആദ്യം അത്ര ഗൗരവത്തിൽ എടുത്തില്ലെങ്കിലും വൈകീട്ടോടെ വളപ്പിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പിൻകുഞ്ഞുങ്ങളെ കണ്ടു. ഇതോടെയാണ് കുടുംബം വനംവകുപ്പിനെ വിവരമറിയിച്ചത്. വനംവകുപ്പെത്തി 50 സെന്റിമീറ്ററോളം നീളമുള്ള പത്ത് പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ ചൊവ്വാഴ്ച പിടികൂടി. ഇതിൽ രണ്ടെണ്ണം സമീപത്തെ തോട്ടിലേക്ക് ചാടിപ്പോയി.
വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ വീണ്ടും എട്ട് പാമ്പുകളെ കൂടി കണ്ടെത്തി പിടികൂടി. ശേഷം വൈകുന്നേരത്തോടെ മറ്റൊരു പാമ്പിനെയും കണ്ടെത്തി. വീടിനു മുൻവശത്തെ ഗ്രില്ലിനടുത്ത് നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളിൽ നിന്നാണ് പാമ്പുകളെ കിട്ടിയത്. വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകാനായി കാർത്തിക്കിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന അയൽവാസിയുടെ വാഹനത്തിൽ നിന്ന് നാലു പാമ്പുകളെയാണ് കണ്ടെടുത്തത്. രണ്ടെണ്ണം സീറ്റിനടിയിലും രണ്ടെണ്ണം എൻജിനിലും നിന്നാണ് കണ്ടെത്തിയത്. മറ്റൊന്ന് കാർത്തിക്കിന്റെ ഭാര്യ ഹരിതയുടെ വാഹനത്തിന്റെ പെട്രോൾ ടാങ്കിൽ നിന്നായിരുന്നു.
തോടിനോടു ചേർന്ന വീട്ടിലെ മതിലിന്റെ തറയിൽ പാമ്പ് മുട്ടയിട്ടിട്ടുണ്ടാകുമെന്നാണ് വിലയിരുത്തിൽ. മതിൽ പൊളിച്ച് വിശദ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. മൂന്ന് ദിവസമായി ഉറക്കമില്ല ‘പ്രായമായ അമ്മയും നാലാം ക്ലാസ്സിൽ പഠിക്കുന്ന മകളുമൊക്കെയാണു വീട്ടിലുള്ളത്. പേടിയോടെയാണ് ഓരോ ദിവസവും കഴിയുന്നത്. മൂന്നുദിവസമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഇനിയും മുട്ടകൾ വിരിയാനുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. വ്യാഴാഴ്ച രാത്രിയും ഉറക്കമൊഴിഞ്ഞ് കാത്തിരിക്കണമെന്ന് കാർത്തിക് പറയുന്നു. അടുത്തിടെയായി പൂങ്കുന്നം പരിസരങ്ങളിൽ പാമ്പുശല്യം രൂക്ഷമാണ്. കുറച്ച് ദിവസങ്ങൾക്കു മുൻപ് പൂങ്കുന്നം രാംനഗറിലെ രാംദാസിന്റെ വീട്ടുഗേറ്റിൽനിന്നും പുഷ്പഗിരിയിൽ വേലായുധന്റെ മകൻ സുരേഷിന്റെ വീട്ടിൽനിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.










0 comments