ad
Deshabhimani

കേരള ഹൈക്കോടതിയുടെ ചരിത്രപരമായ വിധി

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി: ജീവപര്യന്തം തടവിൽ കഴിഞ്ഞ യുവതിക്ക് ‘മാനസികാരോഗ്യ നിയമം’ തുണയായി

8

Image source - https://bit.ly/3xrEXKZ

വെബ് ഡെസ്ക്

Published on Jun 12, 2026, 11:53 AM | 2 min read

കൊച്ചി: സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട യുവതിയെ കേരള ഹൈക്കോടതി കുറ്റവിമുക്തയാക്കി. 2023 നവംബറിൽ സെഷൻസ് കോടതി യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ചരിത്രപരമായ വിധി. മാനസിക സമ്മർദ്ദത്തെ തുടർന്ന് സ്വന്തം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായിരുന്നു.


കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവർക്ക് ഐപിസി പ്രകാരമുള്ള ശിക്ഷകളിൽ നിന്ന് സംരക്ഷണം നൽകുന്ന 2017-ലെ 'മാനസികാരോഗ്യ സംരക്ഷണ നിയമം' (Mental Healthcare Act) ആണ് വിധിയിൽ തുണയായത്. ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.


2016 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. 15 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഇതിന് ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭർത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്നുണ്ടായ ക്രൂരമായ സ്ത്രീധന പീഡനവും സ്വഭാവഹത്യയും മൂലം യുവതി സമ്മര്‍ദ്ദത്തിലായിരുന്നു. കടുത്ത മാനസിക ആഘാതത്തെ തുടർന്ന് 14 പാരസെറ്റമോൾ ഗുളികകൾ കഴിക്കുകയും കൈത്തണ്ട മുറിക്കുകയും ചെയ്തു. തുടര്‍ന്ന് അബോധാവസ്ഥയിൽ ചികിത്സയിലായി.


കോടതിയുടെ നിരീക്ഷണങ്ങൾ:


ആത്മഹത്യാ ശ്രമം നടത്തുന്ന വ്യക്തി കടുത്ത മാനസിക സമ്മർദ്ദത്തിലായിരിക്കുമെന്ന് മാനസികാരോഗ്യ നിയമത്തിന്റെ സംരക്ഷണ നിയമം സെക്ഷൻ 115 പ്രകാരം അനുമാനിക്കാം. ഈ സാഹചര്യത്തിൽ അവർ ചെയ്യുന്ന കുറ്റങ്ങൾക്ക് ശിക്ഷിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭവസമയത്ത് യുവതി കടുത്ത മാനസിക വിചാരണ നേരിടുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.


ഈ നിയമം നിലവിൽ വന്നത് 2018-ലാണ്. കേസിന്റെ വിചാരണ തുടങ്ങിയത് 2021-ലാണ്. അതിനാൽ വിചാരണാ വേളയിൽ സെഷൻസ് കോടതി ഈ നിയമത്തിലെ ആനുകൂല്യങ്ങൾ പരിഗണിക്കേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.


യുവതി കൈത്തണ്ട മുറിച്ചതു കൊണ്ടോ ഗുളികകൾ കഴിച്ചതു കൊണ്ടോ മരണം സംഭവിക്കാൻ സാധ്യത കുറവായിരുന്നു എന്ന വാദമുയർത്തി സെഷൻസ് കോടതി ആത്മഹത്യാ ശ്രമത്തിനുള്ള വകുപ്പ് (IPC 309) ഒഴിവാക്കിയിരുന്നു. എന്നാൽ, ആത്മഹത്യാ ശ്രമത്തിന്റെ തീവ്രതയല്ല, മറിച്ച് അതിന് പിന്നിലെ മാനസികാവസ്ഥയും ശ്രമത്തെയുമാണ് നിയമം കാണേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഗുളികകൾ കഴിച്ചതും കൈ മുറിച്ചതും ആത്മഹത്യാശ്രമം തന്നെയാണ്.


യുവതിയുടെ മേൽ ചുമത്തിയിരുന്ന കൊലക്കുറ്റവും ജീവപര്യന്തം തടവുശിക്ഷയും റദ്ദാക്കി. കടുത്ത മാനസിക ആഘാതത്തിൽ ചെയ്ത പ്രവൃത്തിയായതിനാൽ യുവതിയെ ഉടനടി ജയിൽ മോചിതയാക്കാൻ കോടതി ഉത്തരവിട്ടു. ഗാർഹിക പീഡനവും മാനസികാരോഗ്യ തകർച്ചയും നേരിടുന്ന സ്ത്രീകളുടെ നിയമപരമായ സംരക്ഷണത്തിൽ വലിയൊരു നാഴികക്കല്ലാണ് കേരള ഹൈക്കോടതിയുടെ ഈ പുതിയ വിധിന്യായം എന്ന് വിലയിരുത്തപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home