വർഗീയത ഏത് രൂപത്തിലുള്ളതായാലും വിനാശകരം; ശ്രീനാരായണ ഗുരുവിനെപ്പോലും സ്വന്തമാക്കാൻ ശ്രമം: മുഖ്യമന്ത്രി

പിണറായി വിജയൻ
തിരുവനന്തപുരം: സമൂഹത്തിൽ വർഗീയത വളർത്തി മനുഷ്യരെ ഭിന്നിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളത്തിൽ തൂത്തെറിയാൻ കഴിഞ്ഞത് നവോത്ഥാന ആശയങ്ങൾ ശക്തമായി പ്രചരിപ്പിച്ചതിന്റെ ഭാഗമായാണ്. പക്ഷേ, ഇവിടെയും പിന്തിരപ്പൻ ആശയങ്ങൾ വേരരുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നത് ഗൗരവമായി കാണണം. വർഗീയത ഏത് രൂപത്തിലുള്ളതായാലും സമൂഹത്തിന് വിനാശകരാണ്. വർഗീയതയുടെ വിഷവിത്തുക്കൾ മനുഷ്യമനസുകളിൽ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നുവരെ തിരിച്ചറിയാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിങ്ങമ്മല എസ്‌എൻ ജങ്‌ഷനിലെ ശ്രീനാരായണീയം കൺവൻഷൻ സെന്റർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെപ്പോലും സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. എന്നും വർഗീയതയെ എതിർത്ത ഗുരുശ്രേഷ്ഠനാണ് ശ്രീനാരായണ ഗുരു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. ഗുരുവിന്റെ വാക്കും പ്രവർത്തനങ്ങളും ഒരു മതത്തിലോ ജാതിയിലോ ഒതുങ്ങുന്നതല്ല. സനാതന ധർമ പ്രചാരകർക്ക് എതിർദിശയിലാണ് ഗുരു എപ്പോഴും നിലകൊണ്ടത്.
ഗുരുവിന്റെ ദർശനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് എസ്എൻഡിപി യോഗം വഹിച്ച മുൻകൈ വിവരാണീതതമാണ്. പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെ ആത്മാഭിമാനം തിരിച്ചുപിടിക്കാൻ വലിയ പ്രവർത്തനമാണ് സംഘടന നടത്തിയത്. വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യ പദവി ഇവയെല്ലാം ലഭ്യമാക്കാനും യോഗം അക്ഷീണം പ്രയത്നിച്ചു. അതിനൊക്കെ നല്ല ഫലവുമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments