അധ്യാപകർ വേർതിരിവുകൾ ഉണ്ടാക്കരുത്; ഓണാഘോഷത്തിൽനിന്ന് കുട്ടികളെ ഒഴിവാക്കാൻ ശ്രമിച്ചത് ഗൗരവതരം: വിദ്യാഭ്യാസമന്ത്രി

വി ശിവൻകുട്ടി
തിരുവനന്തപുരം: ഓണാഘോഷവുമായി ബന്ധപ്പെട്ട് തൃശൂർ കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപിക വിദ്വേഷപരാമർശം നടത്തിയ സംഭവം ഗൗരവമായ വിഷയമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഓണാഘോഷങ്ങളിൽ നിന്ന് ഒരു വിഭാഗം കുട്ടികളെ ഒഴിവാക്കാൻ അധ്യാപിക ശ്രമിക്കുന്ന തരത്തിലുള്ള ശബ്ദ സന്ദേശമാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അധ്യാപകർ കുട്ടികളുടെ മനസിൽ വേർതിരിവുകൾ ഉണ്ടാക്കാതെ, അവർക്ക് അറിവ് പകർന്നു നൽകാൻ മാത്രമാണ് ശ്രദ്ധിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കാനും സ്‌നേഹിക്കാനും പഠിപ്പിക്കുന്ന ഇടങ്ങളായിരിക്കണമെന്നും വിദ്യാഭ്യാസമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംഭവത്തിൽ അന്വേഷണത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടർ ഇന്ന് തന്നെ സ്‌കൂളിൽ നേരിട്ട് സന്ദർശനം നടത്തി. നാളെ സ്‌കൂളിൽ ഓണാഘോഷങ്ങൾ നടക്കുമ്പോൾ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അവിടെ ഉണ്ടാകും. സംഭവവുമായി ബന്ധപ്പെട്ട് പ്രീപ്രൈമറി വിഭാഗത്തിലെ രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ മാനേജ്മന്റ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ ജാതിയോ മതമോ നോക്കിയല്ല സ്‌കൂളിൽ പരിഗണിക്കുന്നത്. അവർ വിദ്യാഭ്യാസം നേടുന്നത് അറിവും വിജ്ഞാനവും വളർത്തി രാജ്യപുരോഗതിയുടെ ഭാഗമാകാനാണ്. എല്ലാ ആഘോഷങ്ങളും മനുഷ്യരുടെ സന്തോഷത്തിന്റെ ഭാഗമാണ്. ഓണമെന്നോ, ക്രിസ്തുമസെന്നോ, പെരുന്നാളെന്നോ ഉള്ള വ്യത്യാസങ്ങൾ കുട്ടികൾക്കില്ല. അവർക്ക് എല്ലാ ആഘോഷങ്ങളും സന്തോഷിക്കാനുള്ള അവസരങ്ങളാണ്. കുട്ടികളുടെ ആവശ്യപ്രകാരം ഓണം, ക്രിസ്മസ്, പെരുന്നാൾ ആഘോഷങ്ങളിൽ വർണ്ണ വസ്ത്രങ്ങൾ ധരിക്കാൻ അനുവാദം നൽകിയ സർക്കാരാണിത്. സ്‌കൂളുകളിൽ ഒരു തരത്തിലുള്ള വേർതിരിവുകളും സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നുമാണ് അധ്യാപിക രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം ഇട്ടത്. ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്ന് കുന്നംകുളം പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.









0 comments