print edition ഇ എം എസ്, എ കെ ജി ദിനം സമുചിതം ആചരിക്കുക


സ്വന്തം ലേഖകൻ
Published on Mar 14, 2026, 12:00 AM | 2 min read
തിരുവനന്തപുരം: ഇന്ത്യയില്‍ കമ്യൂണിസ്‌റ്റ് പാര്‍ടിയും തൊഴിലാളിവര്‍ഗപ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ മഹത്തായ സംഭാവന നല്‍കിയ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനങ്ങള്‍ സമുചിതം ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. ഇ എം എസിന്റെ ചരമദിനം 19നും എ കെ ജിയുടേത് 22നുമാണ്. പാര്‍ടി ഓഫീസുകള്‍ അലങ്കരിച്ചും പാര്‍ടി പതാക ഉയര്‍ത്തിയും അനുസ്മരണയോഗങ്ങള്‍ നടത്തിയും ദിനാചരണം സംഘടിപ്പിക്കണം.
കേരളത്തെ ഇന്നുകാണുന്ന രീതിയില്‍ പുതുക്കിപ്പണിയാന്‍ നേതൃത്വം കൊടുത്ത രണ്ട് സഖാക്കളും ഇന്നും ജനമനസുകളില്‍ ജീവിക്കുന്നു. അവര്‍ തെളിച്ച പാതയിലൂടെയാണ് ഇടതുപക്ഷ പ്രസ്ഥാനം കരുത്താര്‍ജ്ജിച്ച് മുന്നേറിയത്. ദേശീയ സ്വതന്ത്ര്യസമരത്തില്‍ സജീവസാന്നിധ്യമായിരുന്ന രണ്ടുനേതാക്കളും കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു.
ലോകത്തെ എല്ലാമാറ്റങ്ങളെയും മാര്‍ക്സിസം– ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായി വിലയിരുത്തിയ ഇ എം എസ് അവ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ പകര്‍ന്നുനല്‍കി. ഐക്യകേരളം എന്ന കാഴ്ചപ്പാട് പ്രായോഗികമാക്കുന്നതിലും കേരളത്തിലെ ആദ്യ മന്ത്രിസഭയെ നയിക്കുന്നതിലും പ്രായോഗികവും സൈദ്ധാന്തികവുമായ നേതൃത്വം നല്‍കി. കേരള വികസനത്തിന് അടിസ്ഥാനംകുറിച്ച ഭൂപരിഷ്കരണ ബില്‍ ഇ എം എസ് മുഖ്യമന്ത്രിയായ ഘട്ടത്തിലെ സുപ്രധാന നിയമനിര്‍മാണങ്ങളിലൊന്നാണ്. ആധുനികകേരളം രൂപപ്പെടുത്തുന്നതില്‍ സുപ്രധാനപങ്കാണ് അദ്ദേഹം വഹിച്ചത്.
പ്രക്ഷോഭങ്ങളെ ജീവവായു കണക്കെ സ്വീകരിച്ച എ കെ ജി ജീവിതത്തെ പോരാട്ടമാക്കി. അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങളില്‍ ഇഴുകിനിന്ന് പൊരുതിയതിനാല്‍ പാവങ്ങളുടെ പടത്തലവന്‍ എന്നപേരും ലഭിച്ചു. നവോത്ഥാന മുന്നേറ്റങ്ങളിലും സജീവസാന്നിധ്യമായ എ കെ ജി ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തെ ജനങ്ങള്‍ക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കാണിച്ചുതന്നു. രാജ്യത്തെമ്പാടും നടന്ന പ്രക്ഷോഭങ്ങളില്‍ നിറസാന്നിധ്യമായി അദ്ദേഹം. കോടതിമുറിപോലും സമരവേദിയാക്കി. കേരളത്തിന്റെ വികസനത്തിനും വലിയ സംഭാവനകള്‍ നല്‍കി.
കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയിലാണ് ഇത്തവണ രണ്ട് മഹാരഥന്മാരുടെ ദിനാചരണങ്ങള്‍. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കരുത്തും ജനപിന്തുണയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതില്‍ വലതുപക്ഷം അസ്വസ്ഥമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും സംഘപരിവാര്‍ നിയന്ത്രിക്കുന്ന ബിജെപിയും കേരളത്തിന്റെ വികസനത്തിന് തുരങ്കംവയ്ക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാകട്ടെ, ന്യായമായ അവകാശങ്ങള്‍പോലും കേരളത്തിന് നല്‍കുന്നില്ല. യുഡിഎഫാകട്ടെ, ബിജെപിയുടെ ബിടീമായി അവരുടെ നയങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയാണ്.
പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ മുഖഛായതന്നെ മാറി. ചരിത്രത്തിലുണ്ടാകാത്തതരം വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. അതിദാരിദ്ര്യനിര്‍മാര്‍ജ്ജനവും ക്ഷേമപ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതാണ്. ഇനിയും നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതിന് ഇടതുപക്ഷം വീണ്ടും ഭരണത്തില്‍വരണം. അതിനാവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തിറങ്ങണം. സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും ബഹുജനപിന്തുണ കൂടുതല്‍ ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എ കെ ജിയുടെയും ഇ എം എസിന്റെയും ഓര്‍മ കരുത്താകുമെന്നും സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.










0 comments