കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: ജന്മനാട്ടിൽ തകർന്നടിഞ്ഞ് കെഎസ്‌യു

ആലപ്പുഴ : കേരള സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജന്മനാടായ ആലപ്പുഴ ജില്ലയിൽ തകർന്നടിഞ്ഞ് കെഎസ്‌യു. എ കെ ആന്റണിയും ഉമ്മൻചാണ്ടിയും വയലാർ രവിയും ചേർന്ന് വളർത്തിയ സംഘടന ജന്മനാട്ടിലെ കോളേജുകളിൽ സംപൂജ്യരായി. നാമനിർദേശ പത്രിക പോലും കൃത്യമായി നൽകാനാകാതെ തകർന്നടിഞ്ഞത് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിനും കാരണമായി. ജില്ലയിലെ പ്രധാന കോളേജുകളിൽ പോലും നാമനിർദേശപത്രിക നൽകാൻ സാധിച്ചില്ല. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗോകുൽ നാഥ് പുനർപ്രവേശനം നേടി പഠിക്കുന്ന നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിൽ രണ്ട് സീറ്റിൽ മാത്രമാണ് നാമനിർദേശപത്രിക നൽകിയത്. ഇവിടെ പാർലമെന്ററി രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലാ വൈസ് പ്രസിഡന്റ് ആര്യ കൃഷ്ണ, സെക്രട്ടറി രാഹുൽ രാജൻ തുടങ്ങിയവരും പുനർപ്രവേശനം നേടി പഠിക്കുന്നത് ഇതേ കോളേജിലാണ്.

പാർലമെന്ററി രീതിയിൽ തെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജിൽ 52ൽ മൂന്ന് സീറ്റിലും മാവേലിക്കര ബിഷപ്‌മൂറിൽ മൂന്ന് സീറ്റിലുമാണ് ആകെ പത്രിക നൽകിയത്. കായംകുളം എംഎസ്‌എം, അമ്പലപ്പുഴ ഗവ. കോളേജ്, മാവേലിക്കര ഐഎച്ച്‌ആർഡി കോളേജുകൾ എസ്‌എഫ്‌ഐ പിടിച്ചടക്കിയതോടെ ജില്ലയിൽ കെഎസ്‌യു ഭരിക്കുന്ന കോളേജുകളുടെ എണ്ണം പൂജ്യമായി. ജില്ലാ നേതാക്കൾക്ക് എതിരെ ഉയർന്ന സാമ്പത്തിക തിരിമറി ആരോപണങ്ങളിലും നേതാക്കൾ പ്രവർത്തകരെ മാനസികമായി പീഡിപ്പിച്ച സംഭവങ്ങളിലും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പല കോളേജുകളിലും വലിയൊരു വിഭാഗം പ്രവർത്തകർ മനഃപ്പൂർവം മാറിനിന്നതും തിരിച്ചടിക്ക് കനം കൂട്ടി. ഗ്രൂപ്പ് കളിയും കാലുവാരലും തമ്മിലടിയും തകർച്ചയ്ക്ക് ആക്കം കൂട്ടി.










0 comments