ഇന്ന് ലോക നാളികേരദിനം; കയറി വിയർക്കേണ്ട ‘കുറിയ’യുണ്ടല്ലോ

തച്ചൻകോട് മനോഹരൻ കുറിയ തെങ്ങിനടുത്ത്.
ബിമൽ പേരയം
Published on Sep 02, 2026, 12:20 AM | 1 min read
തിരുവനന്തപുരം : മുപ്പതാണ്ടു മുൻപാണ് പുരയിടത്തിൽ മനോഹരൻ കുറിയ തെങ്ങിൻതൈ കണ്ടത്. പറിച്ചുകൊണ്ടുവന്ന് വീട്ടുമുറ്റത്ത് നട്ട് പരിപാലിച്ചപ്പോൾ മൂന്നാംവർഷം കുലച്ചു. തേങ്ങയിടാൻ ആളെ കിട്ടാത്തകാലത്ത് കുഞ്ഞൻ തെങ്ങിന്റെ സാധ്യത തിരിച്ചറിഞ്ഞ്, തൊളിക്കോട് വിനോബാ നികേതൻ തച്ചൻകോട് മേക്കുംകര പുത്തൻവീട്ടിൽ ആർ മനോഹരൻനായർ നന്നായി പരിപാലിച്ചു. വിത്ത് തേങ്ങ ശേഖരിച്ച് ഉൽപ്പാദനവും തുടങ്ങി.
കുലച്ചുനിൽക്കുന്ന കുഞ്ഞൻ തെങ്ങുകൾ നാട്ടുകാർക്കും അത്‌ഭുതം. ചോദിച്ചവർക്കെല്ലാം തൈ നൽകി. തെങ്ങിൻ നഴ്‌സറിയും വിപുലപ്പെടുത്തി. ‘നാടൻ കുറിയ പച്ച’ എന്ന തെങ്ങിനം ഇപ്പോൾ നാട്ടിൽ താരമാണ്. ഒരു കുലയിൽ 30 മുതൽ 40 വരെ തേങ്ങയുണ്ടാകും. ‘കുട്ടിത്തെങ്ങ്’ എന്ന പേരിൽ നാട്ടിലെ സ്‌കൂൾ മുറ്റങ്ങളിലും നട്ടു. സർക്കാർ സ്ഥാപനങ്ങളിലും പ്രചരിപ്പിച്ചു. ആവശ്യക്കാർക്ക് കൊറിയർവഴി സംസ്ഥാനത്തിന് പുറത്തേക്കും തൈ അയച്ചു. നാളികേരദിനത്തിൽ സ്‌കൂളുകളില്‍ സൗജന്യമായി തൈ നൽകും. ഇതിന് 25,000 തൈകൾ തയ്യാറാക്കി. മലയൻ കുള്ളൻ, ചാപ്പാണൻ, ഗൗരിഗാത്രം, കപ്പത്തെങ്ങ്, ക്വിന്റൽ ഗൗരി, നാടൻ, കുള്ളൻ, നെടിയൻ എന്നീ ഇനങ്ങളും ശേഖരത്തിലുണ്ട്. തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിലേക്ക് കേരസവാരിയും നടത്തിയ മനോഹരന് കാർഷിക മേഖലയിലെ പ്രവർത്തനത്തിന് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.










0 comments