print edition നാളികേരവില താഴേക്ക് ; വെളിച്ചെണ്ണയ്‌ക്കും കുറഞ്ഞു

കോഴിക്കോട്
ഒരു കൊല്ലത്തോളം ഉയർന്നുനിന്ന നാളികേര വില താഴേക്ക്. നവംബർമുതൽ വിലയിൽ ഇടിവ് നേരിടുന്ന നാളികേരം ഇപ്പോൾ കിലോഗ്രാമിന് 55 രൂപയ്‌ക്കാണ് കർഷകരിൽനിന്ന് ശേഖരിക്കുന്നത്. ഓണക്കാലത്ത് ഇത് 78 രൂപ വരെയായിരുന്നു. വിപണിയിൽ നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് വില കുതിച്ചുയർന്നത്. ഡിസംബർ പകുതിയോടെയാണ് അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 52 രൂപയായിരുന്നു അന്ന് ഒരു കിലോ തേങ്ങയുടെ വില.
നാളികേര വില കുറഞ്ഞത് വെളിച്ചെണ്ണ വിലയിലും പ്രതിഫലിക്കുന്നുണ്ട്. ഓണക്കാലത്ത് ആവശ്യകത കുതിച്ചുയർന്നതോടെ നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില റെക്കോഡിട്ടിരുന്നു. വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്‌ക്ക് മുകളിലെത്തിയിരുന്നു. താഴേക്കിറങ്ങിയ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വെള്ളിയാഴ്ച കോഴിക്കോട്ടെ മൊത്തവിപണി വില. 90 രൂപവരെ വിലയുണ്ടായിരുന്ന കൊപ്രയ്ക്ക് കഴിഞ്ഞ ഓണക്കാലത്ത് 270 രൂപ വരെയായിരുന്നു വില. ഇപ്പോഴത് കുറഞ്ഞ് 200 രൂപയായി. 150 രൂപവരെ താഴാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
വൻതോതിൽ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമായി വ്യാപാരികൾ പറയുന്നത്. വിലക്കയറ്റം ബാധിച്ചതോടെ നാളികേര വ്യാപാരത്തിൽ കാര്യമായ കുറവ് വന്നിരുന്നു. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കൂടിയത് ഇപ്പോഴത്തെ വിലക്കുറവിന് കാരണമായിട്ടുണ്ട്. ഇന്തോനേഷ്യയിൽ നിന്നുള്ള നാളികേരവും വിപണിയിലെത്തുന്നുണ്ട്.










0 comments