print edition കൊച്ചി കപ്പല്‍ശാലയ്ക്ക് 2000 കോടിയുടെ യൂറോപ്യന്‍ കരാര്‍

കൊച്ചി
കൊച്ചി കപ്പല്‍ശാല (സിഎസ്എല്‍) ഫ്രഞ്ച് ഷിപ്പിങ് കമ്പനിയായ സിഎംഎ സിജിഎമ്മില്‍നിന്ന് എൽഎൻജി ഇരട്ട ഇന്ധന (ഡ്യുവൽ- ഫ്യുവൽ) കപ്പൽ നിര്‍മാണ കരാര്‍ നേടി. ലോകത്തിലെ മുൻനിര കണ്ടെയ്നർ ഷിപ്പിങ് കമ്പനികളിലൊന്നാണ് സിഎംഎ സിജിഎം. ആറ് 1700 ടിഇയു ഫീഡർ കണ്ടെയ്നർ കപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ 2000 കോടിക്ക് മുകളില്‍ മൂല്യമുള്ള "മെഗാ' വിഭാഗത്തില്‍ വരുമെന്ന് ഓഹരി എക്സ്ചേഞ്ചുകള്‍ക്ക് കപ്പല്‍ശാല നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎസ്എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി ജെ ജോസും സിഎംഎ സിജിഎം ചെയർമാനും സിഇഒയുമായ റോഡോൾഫ് സാദേയും കരാറില്‍ ഒപ്പുവച്ചു. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി ശന്തനു ഠാക്കൂർ, സെക്രട്ടറി വിജയ് കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.
ലോകത്തില ഒരു മുന്‍നിര യൂറോപ്യന്‍ കണ്ടെയ്നര്‍ ഷിപ്പിങ് കമ്പനിക്കുവേണ്ടി സിഎസ്എല്‍ നിര്‍മിക്കുന്ന ആദ്യത്തെ വലിയ കപ്പല്‍ശ്രേണിയായിരിക്കുമിത്. കരാർപ്രകാരം ആദ്യ കപ്പല്‍ 36 മാസത്തിനുള്ളിലും അവസാനത്തേത് 64 മാസത്തിനുള്ളിലും കൈമാറണം. ദ്രവീകൃത പ്രകൃതിവാതകത്തിൽ (എൽഎൻജി) പ്രവർത്തിക്കാൻ കഴിവുള്ള ഇരട്ട ഇന്ധന എൻജിനുകൾക്ക് പരമ്പരാഗത ഇന്ധന എന്‍ജിനുകളെ അപേക്ഷിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ കുറവായിരിക്കുമെന്നും സിഎസ്‍എല്‍ അറിയിച്ചു.










0 comments