വൻകിട കപ്പലുകളുടെ നിർമാണം ; കൊച്ചി കപ്പല്‍ശാല കൊറിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടു

കൊച്ചി
കൊച്ചി കപ്പല്‍ശാല (സിഎസ്എല്‍) വന്‍കിട കപ്പലുകളുടെ നിര്‍മാണത്തിന് കൊറിയന്‍ കമ്പനിയായ എച്ച്ഡി കൊറിയ ഷിപ്‌ബില്‍ഡിങ് ആന്‍ഡ് ഓഫ്‌ഷോറിങ് എന്‍ജിനീയറിങ്ങുമായി (എച്ച്ഡി കെഎസ്ഒഇ) കരാറിലെത്തി. ഗുജറാത്തില്‍ നടന്ന "സമുദ്ര് സേ സമൃദ്ധി' മാരിടൈം സമ്മേളനത്തില്‍ ഇതിനുള്ള ധാരണപത്രം കൈമാറിയെന്ന് കപ്പല്‍ശാല സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഹ്യുണ്ടായി ഗ്ലോബൽ ബിസിനസ് മാനേജ്‌മെന്റ് വിഭാഗം മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ ജംഗ് ചാംഗിൻ, കപ്പല്‍ശാല സിഎംഡി മധു എസ് നായർ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കരാര്‍പ്രകാരം, ഹ്യുണ്ടായ് കമ്പനിയുടെ കീഴിയുള്ള എച്ച്ഡി കെഎസ്ഒഇയുടെ നവീന സാങ്കേതികവിദ്യയും കപ്പല്‍ശാലയുടെ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യവും അത്യാധുനിക കപ്പലുകളുടെ നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തും. സിഎസ്എല്ലിന്റെ 310 മീറ്റർ ദൈർഘ്യമുള്ള പുതിയ ഡ്രൈ ഡോക്ക് വന്‍കിട കപ്പലുകളുടെ നിര്‍മാണത്തിനായി ഉപയോഗിക്കും. വന്‍കപ്പലുകള്‍ നിര്‍മിക്കാന്‍ കൊച്ചിയില്‍ 80 ഏക്കറിൽ 3700 കോടി നിക്ഷേപത്തില്‍ 1.2 ലക്ഷം മെട്രിക് ടണ്‍ ശേഷിയില്‍ പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിലൂടെ 2000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കൊച്ചിയെ ആഗോള കപ്പല്‍നിര്‍മാണ കേന്ദ്രമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കപ്പൽനിർമാണ ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിന് തമിഴ്‌നാട് സർക്കാരിന്റെ നോഡൽ ഏജൻസിയായ ഗൈഡൻസുമായും കപ്പല്‍ശാല ധാരണപത്രമായി. തമിഴ്‌നാട്ടിൽ അത്യാധുനിക കപ്പൽശാല സ്ഥാപിക്കാൻ ഏകദേശം 15,000 കോടിയുടെ നിക്ഷേപത്തിനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.










0 comments