ad
Deshabhimani

print edition "ഓറഞ്ച് വിക്ടോറിയ' കപ്പലപകടം 
കോസ്റ്റൽ പൊലീസിന് അന്വേഷിക്കാം

orange victoria ship
വെബ് ഡെസ്ക്

Published on Jul 23, 2026, 12:01 AM | 1 min read

കൊച്ചി : കേരള തീരത്തുനിന്ന് 45 നോട്ടിക്കൽ മൈൽ അകലെ കപ്പലും മീൻപിടിത്തബോട്ടും കൂട്ടിയിടിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസിന് അന്വേഷിക്കാമെന്ന് ഹെെക്കോടതി. പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ‘ഓറഞ്ച് വിക്ടോറിയ’ എന്ന വിദേശ കപ്പലിന്റെ ഉടമസ്ഥരായ സിനർജി മാരിടൈം പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി തള്ളി ജസ്റ്റിസ് ജി ഗിരീഷാണ്‌ ഉത്തരവിട്ടത്. ഇതോടെ അന്വേഷണത്തിന് വർഷങ്ങളായുള്ള സ്‌റ്റേ നീങ്ങി. 2021 മാർച്ചിലുണ്ടായ അപകടത്തിൽ ആളപായമില്ലെങ്കിലും തിരുവനന്തപുരം സ്വദേശിയുടെ സിതാര എന്ന ബോട്ട് തകർന്നിരുന്നു.


രാജ്യാന്തര നിയമങ്ങൾപ്രകാരം 35 നോട്ടിക്കൽ മൈലിനപ്പുറം ഉൾക്കടലിലെ അപകടങ്ങളിൽ അന്വേഷണം നടത്താൻ പൊലീസിന് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട കടൽക്കൊല കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി, കേരള പൊലീസിന്റെ നടപടി നിയമവിരുദ്ധമാണെന്നും വാദിച്ചു.


എന്നാൽ, ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളിലാണ് (തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽവരെ) അപകടം നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ഈ പരിധിയിൽ ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടിക്രമങ്ങളും ബാധകമാക്കി കേന്ദ്രസർക്കാർ 1981ൽ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കൂടാതെ, 2016ലെ പ്രത്യേക വിജ്ഞാപനത്തിലൂടെ ഇത്തരം കേസുകൾ അന്വേഷിക്കാൻ കൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷന് അധികാരം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഇറ്റാലിയൻ നാവികരുടെ കേസ് നടന്ന സമയത്ത് ഈ വിജ്ഞാപനം നിലവിലില്ലായിരുന്നു. പുതിയ സാഹചര്യത്തിൽ കോസ്റ്റൽ പൊലീസിന്റെ അന്വേഷണത്തിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹർജിയി ൽ ഉന്നയിച്ച ആവശ്യങ്ങൾ നിരാകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home