ad
Deshabhimani

print edition തീരം ആർത്തുകരയുന്നു, കടലിന്റെ മക്കളെവിടെ; അവഗണനയുടെ കയത്തിൽ ഗൗതം, ജോൺ, ഷിജിൻ

Neendakara.jpg

വിഴിഞ്ഞത്ത്‌ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട്ടിലെത്തി മക്കൾ ജിജിയോടും ജിത്തുമോളോടും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്നു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി വി ജോയി തുടങ്ങിയവർ സമീപം

വെബ് ഡെസ്ക്

Published on Aug 07, 2026, 02:02 AM | 1 min read

തിരുവനന്തപുരം: അച്ഛന്റെയും ഭർത്താവിന്റെയും ചിതയ്‌ക്കരികിൽനിന്നാണ്‌ കൊല്ലം നീണ്ടകരയിൽ മകനുവേണ്ടി ഒരമ്മയ്‌ക്ക്‌ സമരത്തിനിറങ്ങേണ്ടിവന്നത്‌. തിരുവനന്തപുരം വിഴിഞ്ഞത്ത്‌ അച്ഛനുവേണ്ടി മകൾ മുട്ടാത്ത വാതിലുകളില്ല. അഞ്ചുതെങ്ങിൽ ഒരമ്മ രണ്ട്‌ കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച്‌, ഭർത്താവിനുവേണ്ടി അലമുറയിട്ട്‌ കാത്തിരിക്കുന്നു.


നീണ്ടകരയിലും വിഴിഞ്ഞത്തും അഞ്ചുതെങ്ങിലും മീൻപിടിക്കാൻ കടലിൽപോയി കാണാതായവർക്കായി മൂന്നു കുടുംബങ്ങളുടെ നിരാശാപൂർണമായ കാത്തിരിപ്പ്‌ ഒരാഴ്‌ച പിന്നിടുന്നു. രക്ഷാദൗത്യത്തിന് മുന്നിട്ടിറങ്ങേണ്ട സംവിധാനങ്ങൾ നിശ്‌ചലം.


കുടുംബങ്ങളുടെ കാത്തിരിപ്പും കണ്ണീരും കണ്ടില്ലെന്ന്‌ നടിക്കുന്ന സർക്കാരിനോടും മുഖ്യമന്ത്രിയോടും ഫിഷറീസ്‌ മന്ത്രിയോടും നാടാകെ പറയുന്നു, ‘നിങ്ങളൊന്ന്‌ കണ്ണുതുറക്കൂ.’ ഒരാഴ്‌ച പിന്നിട്ടിട്ടും കാര്യമായ തിരച്ചിലില്ല. കുടുംബങ്ങളെ നേരിട്ടുകണ്ട്‌ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രിക്കോ ഫിഷറീസ്‌ മന്ത്രി വി ഇ അബ്‌ദുൾ ഗഫൂറിനോ സമയവുമില്ല.


‘മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായാൽ കിട്ടാൻ സമയമെടുക്കും’ –കുറ്റകരമായ ഉദാസീനതയോടെ മന്ത്രി കെ മുരളീധരൻ പ്രതികരിച്ചതിങ്ങനെയാണ്‌. പ്രളയദുരന്തത്തിൽ ജീവൻ പണയംവച്ച്‌ രക്ഷാദ‍ൗത്യത്തിനെത്തുന്ന കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികൾക്കാണ്‌ ഇ‍ൗ അവഗണന.


നീണ്ടകരയിൽനിന്ന്‌ മീൻപിടിത്തത്തിനുപോയ ബോട്ട്‌ ഒരാഴ്‌ച മുമ്പാണ്‌ മറിഞ്ഞത്‌. ബോട്ടിലുണ്ടായിരുന്ന രാജീവന്റെ മൃതദേഹം അന്നുതന്നെ കിട്ടി. അടുത്ത ദിവസം മകൾ രേഷ്‌മയുടെ ഭർത്താവ്‌ രാധാകൃഷ്‌ണന്റെ മൃതദേഹവും കണ്ടെത്തി. രേഷ്‌മയുടെ മകൻ ഗ‍ൗതം കൃഷ്‌ണയെ കണ്ടെത്തിയില്ല. കടൽ പ്രക്ഷുബ്‌ധമായതിനാൽ തിരച്ചിൽ പ്രയാസമെന്നാണ്‌ കോസ്റ്റൽ പൊലീസിന്റെ വിശദീകരണം. തെരച്ചിലിന്‌ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.


ഒരാഴ്‌ചയായിട്ടും സർക്കാർ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിക്കാതായതോടെ രേഷ്‌മ വ്യാഴാഴ്‌ച നീണ്ടകര കോസ്റ്റൽ പൊലീസ്‌ സ്റ്റേഷനുമുന്നിൽ സമരത്തിനെത്തി. വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോൺ മത്യാസിന്റെ മകൾ ജിജി മുട്ടാത്ത വാതിലുകളില്ല. തെരച്ചിൽ ഉ‍ൗർജിതപ്പെടുത്തണമെന്ന്‌ കേണപേക്ഷിച്ചിട്ടും സർക്കാർ അനങ്ങുന്നില്ല.


കലക്‌ടറെ ഫോൺ ചെയ്‌തിട്ട്‌ എടുത്തില്ലെന്ന്‌ ജിജി പറഞ്ഞു. ബുധനാഴ്‌ച വീട്ടിലെത്തിയ മുൻമന്ത്രി വി ശിവൻകുട്ടിയാണ്‌ കലക്‌ടറെ ഫോണിൽ വിളിച്ച്‌ ജിജിക്ക്‌ നൽകിയത്‌. ഏഴുനാൾ പിന്നിട്ടിട്ടും ഉന്നതോദ്യോഗസ്ഥർ സ്ഥലത്തെത്തുകയോ തെരച്ചിൽ ഏകോപിപ്പിക്കുകയോ ചെയ്‌തിട്ടില്ല.


മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ്‌ സ്വദേശി ഷിജിനെ കാണാതായിട്ടും ഒരാഴ്‌ച പിന്നിട്ടു. ഭാര്യ സ്റ്റിജിയും മക്കൾ നാലുവയസ്സുകാരൻ എബ്രിനും രണ്ടുവയസ്സുകാരൻ റാഫേലും കാത്തിരിക്കുന്നു. എബ്രിന് ഹൃദയസംബന്ധമായ അസുഖവുമുണ്ട്. സർക്കാരിന്റെ ക്രൂരമായ അവഗണനയെക്കുറിച്ചാണ്‌ മൂന്നു കുടുംബങ്ങളുടെയും പരാതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home