സിഎംആര്‍എല്‍ കേസ്
print edition എഫ്ഐആർ ചോദ്യം ചെയ്യാം അപ്പീലിന് അനുമതിയില്ല

കൊച്ചി: സിഎംആര്‍എല്‍–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർചെയ്ത എഫ്ഐആർ ചോദ്യംചെയ്ത് നിയമപരമായ പരിഹാരം തേടാൻ ഹർജിക്കാർക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് ഹർജി നൽകാനും നിയമപരമായ അവസരമുണ്ട്. അതിനാൽ എഫ്ഐആർ രജിസ്റ്റർചെയ്യാൻ നിർദേശിച്ച സിംഗിൾബെഞ്ച് വിധിക്കെതിരെ അപ്പീലിന് അനുമതി നൽകുന്നില്ലെന്ന് ജസ്റ്റിസുമാരായ കെ നടരാജൻ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സിംഗിൾബെഞ്ച് വിധിക്കെതിരെ അപ്പീലിന് അനുമതി തേടിയ പ്രത്യേകാനുമതി ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
എഫ്ഐആർ രജിസ്റ്റർ ചെയ്തത് ചോദ്യംചെയ്യാനുള്ള ഹർജിക്കാരുടെ ഭരണഘടനാപരമോ നിയമപരമോ ആയ അവകാശത്തെ സിംഗിൾ ബെഞ്ച് വിധി ബാധിച്ചിട്ടില്ല. എഫ്ഐആർ രജിസ്റ്റർചെയ്യുംമുമ്പ് പ്രതികളെ കേൾക്കണമെന്നോ പ്രാഥമിക അന്വേഷണം നടത്തണമെന്നോ നിർബന്ധമില്ല. ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദേശിക്കണമെന്ന ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇത് നിയമപരമല്ലെന്നും ഹർജിയിൽ തങ്ങളുടെ വാദം കേൾക്കാത്തത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും വ്യക്തമാക്കിയുള്ള അപ്പീൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി വിജയൻ, വീണ ടി, പി എ മുഹമ്മദ് റിയാസ് എന്നിവർ ഹർജി നൽകിയത്. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ രണ്ട് എഫ്ഐആറുകൾ ഇതിനകം രജിസ്റ്റർചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു.









0 comments