സി എം വിത്ത് മി
'ഒരു കാര്യം വിളിച്ചു പറഞ്ഞാൽ 48 മണിക്കൂറിനകം മറുപടി'; ഒരേസമയം 10 കോളുകൾ കൈകാര്യം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ 'മുഖ്യമന്ത്രി എന്നോടൊപ്പം' (സിഎം വിത്ത് മി) പരിപാടിയിൽ- ഫോട്ടോ: എ ആർ അരുൺ രാജ്
തിരുവനന്തപുരം: പൊതുജനങ്ങളും സർക്കാരും തമ്മിൽ ആശയവിനിമയ രംഗത്തു വിടവെന്തെങ്കിലും ഉണ്ടെങ്കിൽ അതു തീർക്കുന്ന സംവിധാനമാണ് 'സി എം വിത്ത് മി', അഥവാ മുഖ്യമന്ത്രി എന്നോടൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുമേൽ സമയബന്ധിതമായി നടപടിയെടുക്കുന്ന സംവിധാനം, എടുത്ത നടപടി നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളെ അറിയിക്കുന്ന സംവിധാനം, ഇങ്ങനെയൊന്ന് മുമ്പില്ലാത്തതാണെന്നും എവിടെയും ഇല്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള നിർമാണത്തിലേക്കു കേരളം നീങ്ങുകയാണ്. അതു കൂടുതൽ സമഗ്രമാവാൻ നിർദ്ദേശങ്ങൾ മുമ്പോട്ടുവെക്കാം. സർക്കാർ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുത്താം. നീതി ലഭിക്കാതെ വന്നതിനെ കുറിച്ചുള്ള പരാതികളടക്കം ശ്രദ്ധയിൽ പെടുത്താം. സി എം വിത്ത് മി യിലേക്ക് ഒരു കാര്യം വിളിച്ചു പറഞ്ഞാൽ, പരാതി അറിയിച്ചാൽ അതിന്മേൽ എടുത്ത നടപടി 48 മണിക്കൂറിനകം ഉത്തരവാദിത്വത്തോടെ തിരികെ വിളിച്ച് അറിയിച്ചിരിക്കും എന്നതാണ്. എന്തെങ്കിലും കാരണങ്ങൾ കൊണ്ടു സാധ്യമാവാത്തതാണു കാര്യമെങ്കിൽ ആ കാരണങ്ങൾ വിളിച്ചറിയിക്കും. അത്ര ഉത്തരവാദിത്വപൂർണമായിരിക്കുമിത്.
ഓരോ പൗരന്റേയും ജീവിതക്ഷേമം ഉറപ്പാക്കിക്കൊണ്ടുവേണം പൊതുവായ വികസനം; എന്ന ജനകീയ സമീപനത്തിന്റെ ദൃഷ്ടാന്തമാണ് സി എം വിത്ത് മി. ജനങ്ങളാണു ഭരണത്തിന്റെ കേന്ദ്രവും ലക്ഷ്യവും. ഇതു മനസ്സിൽ വച്ചുകൊണ്ടാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഓരോരുത്തർക്കും അവരുടെ അഭിപ്രായം പറയാം. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടാം. അതിനൊക്കെ പരിഹാരം കാണും. സദാ ഉണർന്നിരിക്കുന്ന ഒരു ടീമിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാനുള്ളവ അങ്ങനെയും, മന്ത്രിമാർ ഉൾപ്പെട്ട് പരിഹരിക്കാനുള്ളവ ആ വിധത്തിലും കൈകാര്യം ചെയ്യും. ജനങ്ങളെ ഭരണനിർവഹണത്തിൽ പങ്കാളികളാക്കുന്ന പദ്ധതിയാണിത്. സുതാര്യവും നൂതനവുമായ ഈ സംവിധാനത്തിലൂടെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും എല്ലാവരുടെയും അഭിപ്രായവും ഉൾക്കൊള്ളാനും സർക്കാരിനു കഴിയും. അതിലൂടെ ജനങ്ങൾ വികസനത്തിന്റെ ഗുണഭോക്താക്കൾ മാത്രമല്ല, കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലെ സജീവ പങ്കാളികളാണെന്നും ഉറപ്പാകും.
പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾക്ക് ഇതിലൂടെ എളുപ്പത്തിൽ ലഭ്യമാകും. പദ്ധതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ഉള്ള നിർദ്ദേശങ്ങൾ ജനങ്ങൾക്കു സമർപ്പിക്കാം. അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിലൂടെയും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെയും സർക്കാർ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെയും വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി ഇതു മാറും.
സി എം വിത്ത് മി പരിപാടിയുടെ കാര്യക്ഷമതയ്ക്കായി വിദഗ്ദ്ധ ഉദ്യോഗസ്ഥരുടെ പിന്തുണയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടവുമുണ്ടാകും. പൊലീസ് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പൊലീസിലെ തന്നെ 10 പേരടങ്ങുന്ന ടീം ഇതിലുണ്ടാകും. എല്ലാ വകുപ്പുകളിൽ നിന്നുമുള്ളവരുണ്ടാകും. ചീഫ് സെക്രട്ടറി ഏകോപന ചുമതലയും മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി പരിപാലന ചുമതലയും വഹിക്കും. എല്ലാ ജില്ലകളിലും നോഡൽ ഓഫീസുകളുണ്ടാകും. എവിടെ നിന്നും ഏതു വിവരവും ശേഖരിക്കാൻ വേണ്ട നെറ്റ്‌വർക്കുണ്ടാകും.
കോൾ സെന്ററിന് രണ്ട് ലെയർ ഉണ്ടാകും. ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന റിസീവിങ് ലെയർ 24 മണിക്കൂറും പ്രവർത്തിക്കും. ഒരേസമയം 10 കോളുകൾ കൈകാര്യം ചെയ്യാൻ സൗകര്യമുണ്ടാകും. പരാതികൾ ക്ഷമയോടെ കേട്ട് രേഖപ്പെടുത്തുന്നവരുണ്ടാകും. രണ്ടാം ലെയർ വകുപ്പുതല പരിഹാരത്തിന്റേതാണ്. കൂടുതൽ പരാതികൾ ഉണ്ടാവാറുള്ളത് തദ്ദേശ സ്വയംഭരണം, റവന്യൂ, ഹോം, സഹകരണ വകുപ്പ് എന്നിവയിൽ നിന്നുള്ളവ ആയതുകൊണ്ട് ഇവയിൽ നിന്ന് രണ്ട് വീതവും മറ്റ് 22 പ്രധാന വകുപ്പുകളിൽ നിന്ന് ഓരോരുത്തർ വീതവും ഈ ലെയറിലുണ്ടാകും. ആദ്യ ലെയറിൽ നിന്ന് പരാതി രണ്ടാം ലെയറിലെത്തും. അവിടെ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിക്കും.
സംസ്ഥാനത്തിന്റെ പുരോഗതി സാമ്പത്തിക വളർച്ചയുടെ സ്റ്റാറ്റിസ്റ്റിക്‌സ് കൊണ്ടുമാത്രമല്ല, ജനജീവിതത്തിന്റെ യാഥാർത്ഥ്യം കൊണ്ടുകൂടിയാണ് അളക്കേണ്ടത്. പലപ്പോഴും അളക്കപ്പെടാതെ പോകുന്നത് ഈ രണ്ടാമത്തെ കാര്യമാണ്. നവകേരള സദസുമായി കേരളത്തിലാകെ സഞ്ചരിച്ചപ്പോൾ തന്നെ ഇതേക്കുറിച്ച് മന്ത്രിസഭയ്ക്ക് തോന്നലുണ്ടായതാണ്. ആ തോന്നലുകളെ ശക്തിപ്പെടുത്തുന്ന പല കാര്യങ്ങളും പിന്നീടുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയോട് നേരിട്ടു പറയാം എന്ന നിലയ്ക്കുള്ള ഒരു സംവിധാനം ഏർപ്പെടുത്താം എന്നു നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments