നടക്കില്ല എന്ന് കരുതിയല്ലേ? മുഖ്യമന്ത്രി ആർതിയോട് ചോദിച്ചു; സർവപ്രതീക്ഷകളും നഷ്ടമായ വിദ്യാർഥിക്ക് സംഭവിച്ചത്

ആർതി മാതാപിതാക്കൾക്കൊപ്പം (ഇടത്), പിണറായി വിജയൻ (വലത്)
തിരുവനന്തപുരം: ഏറെ സ്വപ്നം കണ്ട തുടർപഠനവും ജോലിയും സ്വപ്നം മാത്രമായി അവശേഷിക്കുമോ എന്ന ആശങ്കയായിരുന്നു മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിലെ തോട്ടംതൊഴിലാളികളുടെ മകളായ പി ആർതിക്ക്. ബംഗളൂരുവിൽ അവസാനവർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർഥിനിയാണ്. യൂണിവേഴ്സിറ്റി പൊടുന്നനെ ഫീസ് വർധിപ്പിച്ചതിനെ തുടർന്ന് അവസാനഗഡു ഫീസായ 90,000 രൂപ അടയ്ക്കാനായില്ല. ഫീസ് അടയ്ക്കാൻ വായ്പയോ സഹായമോ ആവശ്യമായി വന്നു.
തുടർപഠനവും ബിരുദവും അനിശ്ചിതത്വത്തിലായെന്ന് ആശങ്കപ്പെട്ടനാളിലാണ് ആർതി മുഖ്യമന്ത്രിയുടെ പരാതിപരിഹാര പരിപാടിയായ സിഎം വിത്ത് മിയുടെ ഫോട്ടോയും ഫോൺനമ്പരും കാണുന്നത്. ഉടനെ അതിൽ ബന്ധപ്പെട്ടു. പിന്നെ പിറന്നത് ചരിത്രം.
തന്റെ പ്രശ്നവും ആവലാതിയും ആർതി വിശദമായി തന്നെ വിളിച്ചുപറഞ്ഞു. ഫീസ് അടയ്ക്കാനായില്ലെങ്കിൽ അവസാനവർഷ പരീക്ഷ എഴുതാനാകില്ലെന്നും അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ആർതിയെ തേടി മൂന്നാർ സർവീസ് സഹകരണബാങ്കിൽനിന്നും ഫോൺവിളിയെത്തി. ഉടൻതന്നെ ബാങ്കിൽ എത്താൻ ആവശ്യപ്പെട്ടു. അമ്മയെയും കൂട്ടി ബാങ്കിലെത്തിയ ആർതിയെ ഞെട്ടിച്ചുകൊണ്ടാണ് ഇടപെടലുണ്ടായത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി തങ്ങൾക്ക് ലഭിച്ചുവെന്നും ഫീസ് അടയ്ക്കാനുള്ള തുക മുഴുവനും റെഡിയാണെന്നും ബാങ്ക് അധികൃതർ പറഞ്ഞു. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ലെന്നും ആർതിയെ അവർ അറിയിച്ചു.
പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു ആർതിക്ക്. എന്നാൽ അതിനുപിന്നാലെ മറ്റൊരു സന്തോഷവുമെത്തി. ആവശ്യങ്ങൾ പൂർണമായും നിറവേറ്റി എന്ന് ഉറപ്പാക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആർതിയെ നേരിട്ട് വിളിച്ചു. സാധാരണനിലയിൽ നടക്കില്ലെന്ന് കരുതിയാകുമല്ലേ പരാതിപ്പെട്ടതെന്ന് മുഖ്യമന്ത്രി ആർതിയോട് ചോദിച്ചു. അതെ എന്നായിരുന്നു മറുപടി. ആർതിയുടെ പരാതി ലഭിച്ചയുടൻ മൂന്നാർ സർവീസ് സഹകരണ ബാങ്ക് അധികൃതരെ ബന്ധപ്പെട്ടെന്നും അവരുടെ ഇടപെടലാണ് ഏറ്റവും സഹായകരമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർതിക്ക് പരീക്ഷയിൽ എല്ലാവിധ ആശംസകൾ നേരാനും മുഖ്യമന്ത്രി മറന്നില്ല.










0 comments