ലക്ഷ്യം ജനക്ഷേമം ഉറപ്പാക്കുന്ന വികസനം : മുഖ്യമന്ത്രി

തിരുവനന്തപുരം
ജനങ്ങളുടെ ജീവിതക്ഷേമം ഉറപ്പാക്കുന്ന പൊതുവികസനമാണ് സർക്കാർ ലക്ഷ്യമെന്നും അതിന്റെ ദൃഷ്ടാന്തമാണ് ‘മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്ററെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളാണ് ഭരണത്തിന്റെ കേന്ദ്രവും ലക്ഷ്യവുമെന്നത് ഉൾക്കൊണ്ടാണ് ഈ ജനകീയ പദ്ധതി ആവിഷ്‌കരിച്ചത്. സര്‍ക്കാരും ജനങ്ങളും തമ്മില്‍ ആശയവിനിമയത്തില്‍ വിടവുണ്ടാകാതിരിക്കാനുള്ള സംവിധാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സിറ്റിസൺ കണക്ട് സെന്ററിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളുടെ പ്രശ്നങ്ങളില്‍ സമയബന്ധിതമായി നടപടി എടുക്കുന്ന സംവിധാനമായി സെന്റർ പ്രവര്‍ത്തിക്കും.
ഇങ്ങനെ ഒന്ന് മുമ്പില്ലാത്തതും മറ്റൊരിടത്തും ഇല്ലാത്തതുമാണ്. നീതി ലഭിച്ചില്ലെന്ന പരാതി ചിലര്‍ക്കുണ്ടാകാം. അത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെടുത്താനും ഇത് അവസരമൊരുക്കും. മുഖ്യമന്ത്രി എന്നോടൊപ്പം എന്നാൽ, സർക്കാർ അപ്പാടെ പൗരരോടൊപ്പം എന്നുതന്നെയാണ് അർഥം. ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കാനുള്ളവ അങ്ങനെയും മന്ത്രിമാര്‍ ഇടപെടേണ്ടവ ആ വിധത്തിലും കൈകാര്യംചെയ്യും. ജനങ്ങളെ ഭരണനിര്‍വഹണത്തില്‍ പങ്കാളികളാക്കുന്നതാണിത്.
എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്താനും അഭിപ്രായം ഉള്‍ക്കൊള്ളാനും സര്‍ക്കാരിനാകും. ജനങ്ങള്‍ വികസനത്തിന്റെ ഗുണഭോക്താക്കള്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സജീവ പങ്കാളികളാണെന്നുകൂടി ഉറപ്പാക്കും.
സംസ്ഥാനത്തിന്റെ പുരോഗതി സാമ്പത്തിക വളർച്ചയുടെ സ്റ്റാറ്റിസ്റ്റിക്സ് കൊണ്ടുമാത്രമല്ല, ജനജീവിത യാഥാർഥ്യം കൊണ്ടുകൂടിയാണ് അളക്കേണ്ടത്. പലപ്പോഴും അളക്കപ്പെടാതെ പോകുന്നത് രണ്ടാമത്തെ കാര്യമാണ്. നവകേരള സദസ്സുമായി കേരളത്തിലാകെ സഞ്ചരിച്ചപ്പോൾ ഇക്കാര്യം മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് ഇൗ സംവിധാനം ഏർപ്പെടുത്തിയത്. ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്വം ജനങ്ങളോടാണെന്ന തത്വം അക്ഷരാർഥത്തിൽ നടപ്പാകണമെന്ന ബോധ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments