print edition വീട്ടിലെത്താൻ ടെസ ഇനി വൈകില്ല ; മുഖ്യമന്ത്രി വാക്കുനൽകി

Cm With Me
avatar
ഗോകുൽ ഗോപി

Published on Oct 25, 2025, 01:16 AM | 1 min read


ആലപ്പുഴ

തെല്ലു പരിഭ്രമത്തോടെയാണ്‌ കുഞ്ഞ്‌ ടെസ അച്ഛന്റെ കയ്യിൽനിന്ന്‌ ഫോൺ വാങ്ങിയത്‌. സംസാരം സ്‌കൂളിലെയും കൂട്ടുകാരുടെയും വിശേഷങ്ങളിലേക്ക്‌ കടന്നതോടെ മുഖത്ത്‌ ചിരിവിരിഞ്ഞു. പരാതിയുടെ വിവരങ്ങൾ തിരക്കിയപ്പോൾ ടെസ പറഞ്ഞു–‘ബോട്ട്‌ ഇപ്പോൾ കൃത്യ സമയത്താ വരുന്നത്‌, ഞാൻ ഇപ്പോ നേരത്തെ വീട്ടിൽ വരും’. പറഞ്ഞു നിർത്തിയതിന്‌ പിന്നാലെ മറുപടിയെത്തി– ‘മോളുടെ ബോട്ടിനി മുടങ്ങില്ല. ഉറപ്പ്‌’. ആദ്യമായി മുഖ്യമന്ത്രിയോട്‌ സംസാരിച്ചതിന്റെ ത്രില്ലിലാണ്‌ ചമ്പക്കുളം പഞ്ചായത്ത് 12–-ാം വാർഡിൽ വണ്ടകം വ‍ീട്ടിൽ വർഗീസ്‌ തോമസ്‌– ബിനിത ദന്പതികളുടെ മകളും ചമ്പക്കുളം സെന്റ്‌ തോമസ്‌ യുപി സ്കൂളിലെ മ‍ൂന്നാം ക്ലാസ് വിദ്യാർഥിയുമായ ടെസാ മരിയ. എന്നാൽ അതിലേറെ സന്തോഷം സ്‌കൂളിൽ നിന്ന്‌ വരാൻ സ്ഥിരമായി കയറുന്ന ബോട്ട്‌ ഇനി വൈകില്ലെന്നതാണ്‌. തനിക്കും കൂട്ടുകാർക്കും നേരത്തെ വീട്ടിലെത്താം.


ജലഗതാഗത വകുപ്പിന്റെ വൈകിട്ടുള്ള ചമ്പക്കുളം–നെടുമുടി ബോട്ട്‌ സർവ‍ീസ്‌ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്‌ ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മീ) സിറ്റിസണ്‍ കണക്ട് സെന്ററില്‍ നല്‍കിയ പരാതിയുടെ പരിഹാരം അറിയിക്കാനാണ്‌ മുഖ്യമന്ത്രി നേരിട്ടു വിളിച്ചത്‌. വർഗീസിനോട്‌ സംസാരിച്ച ശേഷമാണ്‌ മുഖ്യമന്ത്രി ടെസയുടെ വിശേഷങ്ങളും പരാതിയിൽ സ്വീകരിച്ച നടപടിയും അറിയിച്ചത്‌.


ദിവസവും ചമ്പക്കുളം– നെടുമുടി ബോട്ടിലാണ്‌ ടെസയും 25 ഓളം കൂട്ടുകാരും സ്ക‍ൂളിൽ പോയി മടങ്ങുന്നത്‌. ബോട്ടിന്റെ സമയത്തെ ആശ്രയിച്ചാണ്‌ പഠനം. മാസങ്ങളായി വൈകിട്ട്‌ 3.45ന്റെ ബോട്ട്‌ സർവ‍ീസില്ല. 4.30ന്റെ ബോട്ടിൽ ഏകദേശം 200 സ്‌കൂൾ കുട്ടികളുണ്ടാകും. വീട്ടിലെത്തുന്പോൾ ഏറെ വൈകും. മുഖ്യമന്ത്രിയോട്‌ നേരിട്ട്‌ പരാതി പറയാമെന്ന്‌ പത്രത്തില‍ൂടെ അറിഞ്ഞാണ്‌ വിളിച്ചുതരാൻ അച്ഛനോട്‌ ടെസ ആവശ്യപ്പെട്ടത്‌. ഏതാനും മണിക്കൂറിനുള്ളിൽ പരാതി രജിസ്റ്റർ ചെയ്തതിന്റെ വിവരം എസ്‌എംഎസായി ലഭിച്ചു. തുടർനടപടികളും അറിയിച്ചു. പരാതി നൽകി രണ്ടാം ദിവസം മുതൽ സർവീസ്‌ കൃത്യമായി ആരംഭിച്ചെന്ന്‌ വർഗ‍ീസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home