print edition സ്‌ത്രീ സുരക്ഷാ പദ്ധതി; വീട്ടമ്മമാരെ അപമാനിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: 30 ലക്ഷത്തോളം വരുന്ന വീട്ടമ്മമാർക്ക് വേണ്ടി എൽഡിഎഫ് സർക്കാർ തുടങ്ങിയ ‘മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി’യുടെ ഗുണഭോക്താക്കളെ അപമാനിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയിൽ അംഗമായ പലരും അനധികൃതമായാണ് പെൻഷൻ വാങ്ങിക്കുന്നതെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
എ സി മൊയ്തീൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ച് പ്രസംഗിച്ച മുഖ്യമന്ത്രി ശ്രമിച്ചത്, പെൻഷൻ വാങ്ങുന്ന 16 ലക്ഷം പേരും അർഹരല്ലെന്ന് സ്ഥാപിക്കാനാണ്. എന്നാൽ, കെ സ്മാർട്ട് പോർട്ടൽ വഴി അനർഹർ പട്ടികയിൽ കയറിക്കൂടാത്തവിധം കൃത്യമായാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി.
പദ്ധതിയുടെ നടപടി ക്രമം:
അപേക്ഷിക്കുന്നത് കെ-സ്മാർട്ട് പോർട്ടൽ വഴി. അപേക്ഷ എടുത്താൽ ആദ്യം ചോദിക്കുന്നത് ആധാർ നമ്പർ. ഒടിപി വഴി വാലിഡേറ്റ് ചെയ്യും. മഞ്ഞ, പിങ്ക് റേഷൻ കാർഡിൽ ഉൾപ്പെട്ടതാണോ, ജോലി ചെയ്യുന്നുണ്ടോ, മറ്റ് പെൻഷനുകൾ ലഭിക്കുന്നുണ്ടോ തുടങ്ങി വരുമാനം സംബന്ധിച്ച് പരിശോധിക്കും. ‘സ്പാർക്', ട്രഷറി അക്കൗണ്ട് തുടങ്ങിയ സംവിധാനങ്ങളിലും അന്വേഷിക്കും.
അപേക്ഷക 35 വയസ്സ് കഴിഞ്ഞ, മഞ്ഞയോ പിങ്കോ റേഷൻ കാർഡിൽ ഉൾപ്പെട്ട, മറ്റു പെൻഷനുകളോ ആനുകൂല്യങ്ങളോ വാങ്ങാത്തവരാണ് എന്ന പരിശോധന കഴിഞ്ഞേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ. വ്യക്തതക്കുറവുള്ള അപേക്ഷകളിൽ നേരിട്ട് അന്വേഷണം നടത്തും. സ്വകാര്യ മേഖലയിലോ മറ്റോ ജോലിയുണ്ടായിട്ടും 'ജോലിയില്ല' എന്ന് രേഖപ്പെടുത്തിയാൽ അപേക്ഷ നിരസിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് നിയമപരമായി സാധിക്കും.
തുടർന്ന് അപേക്ഷ പഞ്ചായത്ത് സെക്രട്ടറിയോ ഭരണസമിതിയോ കാണും. കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭരിക്കുന്നത് യുഡിഎഫ് ആണെന്നതിനാൽ സിപിഐ എം കൊടുത്ത ‘പട്ടിക’ ഭരണസമിതി അംഗീകരിച്ചു എന്ന വാദവും നിലനിൽക്കില്ല.











0 comments