print edition ‘ഉണ്ടാക്കിയ’ പ്രതിസന്ധി; അന്യായ വിലയ്‌ക്ക് വൈദ്യുതി

പി ആർ ചന്തു കിരൺ
Published on Nov 08, 2026, 12:30 AM | 1 min read
തിരുവനന്തപുരം : സ്വകാര്യ പ്ലാറ്റ്ഫോമായ ജിഎൻഎയുമായി മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപാട് വൻ വൈദ്യുതി പ്രതിസന്ധിയെന്ന പ്രതീതി സൃഷ്‌ടിച്ച്. അന്യായ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം സംസ്ഥാനത്തില്ല. നവംബർ മുതൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് സർക്കാർ കേന്ദ്രങ്ങൾതന്നെ പ്രചരിപ്പിച്ചു. കെഎസ്‌ഇബിയുടെ കണക്കനുസരിച്ച് നവംബർ ഒന്നുമുതൽ മാർച്ച് 31വരെ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ല. പീക്ക് സമയത്തും ലഭ്യത ആവശ്യത്തിനുണ്ട്. ഇക്കാര്യം വൈദ്യുതി റെഗുലേറ്ററി കമീഷൻ ഉത്തരവിൽ (ഒപി 42/2026) വ്യക്തമാക്കുന്നു. മാർച്ചുവരെ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ നിലവിലെ ഉൽപ്പാദന–വിതരണ സ്രോതസുകളും കുറഞ്ഞ നിരക്കിലുള്ള മറ്റ് സംവിധാനങ്ങളും മതിയാകും.
ആഭ്യന്തര ജലവൈദ്യുതി, കേന്ദ്രവിഹിതവും അധിക വിഹിതവും, ദീർഘകാല–മധ്യകാല കരാറുകൾ, ഡീപ് പോർട്ടൽ വഴി, ബാറ്ററി സ്‌റ്റോറേജ്, കാറ്റ് എന്നിവയിലൂടെ വൈദ്യുതി ലഭിക്കും. നവംബറിൽ കെഎസ്‌ഇബി പ്രതീക്ഷിക്കുന്ന ഏറ്റവും ഉയർന്ന ആവശ്യകത (പീക്ക് ഡിമാന്റ്) 5488 മെഗാവാട്ടാണ്. മുൻവർഷത്തേക്കാൾ 23 ശതമാനം അധികം. നവംബറിൽ 5270 മുതൽ 5472 വരെ മെഗാവാട്ട് വൈദ്യുതി വിവിധ മാർഗങ്ങളിലൂടെ ഉറപ്പാക്കാമെന്നാണ് കെഎസ്‌ഇബി വിലയിരുത്തൽ. ജനുവരിമുതൽ സിന്നാർ താപനിലയത്തിൽനിന്നുള്ള വൈദ്യുതിയും ലഭിക്കും. മാർച്ചിൽ 6573 മെഗാവാട്ടാണ് പ്രതീക്ഷിക്കുന്ന പീക്ക് ഡിമാന്റ്. 6740 മുതൽ 6890 വരെ മെഗാവാട്ട് ലഭിക്കുമെന്ന് ഉറപ്പുണ്ടായിട്ടും 24 മണിക്കൂറും 8.90 രൂപവരെ നൽകി ജിഎൻഎ വഴി വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി മുന്നിട്ടിറങ്ങി. ഒക്‌ടോബറിൽ മഴ ലഭിച്ചതും നവംബർ, ഡിസംബർ മാസങ്ങളിലെ കാലാവസ്ഥയും അനുകൂല ഘടകമാണ്.
ദേശീയ വൈദ്യുതി കമ്പോളത്തിൽ വില വൻതോതിൽ ഇടിയുകയാണ്. ഞായറാഴ്‌ചത്തേക്ക് ടെൻഡറിൽ പീക്ക് വൈദ്യുതിക്കുപോലും 3.32 രൂപ നിരക്കാണ് എക്സ്ചേഞ്ചിൽ രേഖപ്പെടുത്തിയത്. ഇതെല്ലാം മൂടിവച്ചു. എതിർപ്പറിയിച്ച സിഎംഡി എം ജി രാജമാണിക്യത്തെ പുറത്താക്കിയാണ് മുഖ്യമന്ത്രി ജിഎൻഎ ഇടപാടിന് തീരുമാനിച്ചത്.









0 comments