print edition പാരിയത്തുകാവ്: സഭയിലും സതീശന്റെ നുണ

കൊച്ചി: പാരിയത്തുകാവ് വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞത് കള്ളം. പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും സർക്കാർ നടത്തിയിട്ടില്ലെന്ന് പാരിയത്തുകാവിലെ കുടുംബങ്ങൾ വ്യക്തമാക്കി. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ദളിത് കുടുംബങ്ങൾക്ക് സ്ഥലംനൽകി വീട് നിർമിച്ചുനൽകാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും അത് അവർ അംഗീകരിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി ചൊവ്വാഴ്‌ച നിയമസഭയിൽ പറഞ്ഞത്.
എന്നാൽ, അത്തരമൊരു ചർച്ചയും നടന്നിട്ടില്ലെന്ന് കുടുംബങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘പുനരധിവാസവുമായി ബന്ധപ്പെട്ട് സംസാരംപോലുമുണ്ടായിട്ടില്ല. സ്ഥലം അളന്നുതിട്ടപ്പെടുത്തണമെന്നും പുറന്പോക്കുഭൂമി കണ്ടെത്തണമെന്നുമാണ് ഞങ്ങളുടെ ആവശ്യം. പട്ടികജാതി ക്ഷേമമന്ത്രി വന്നപ്പോഴും ആവശ്യം ഉന്നയിച്ചിരുന്നു. അളക്കാമെന്ന് അവർ സമ്മതിച്ചു. ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. ഇവിടെനിന്ന് മാറാമെന്ന് പറഞ്ഞിട്ടില്ല. ഇവിടെത്തന്നെ പുനരധിവസിപ്പിക്കണം. ജനിച്ച മണ്ണിൽനിന്ന് ഇറങ്ങില്ല. കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ്. ഇത് വിട്ടിറങ്ങില്ല’–കുടുംബങ്ങൾ പറഞ്ഞു.
പുനരധിവാസ ചർച്ച നടന്നിട്ടില്ലെന്ന് സമരസമിതി കൺവീനർ കെ എം സിറാജും പറഞ്ഞു. കുടുംബങ്ങളുടെ നിലപാടിനും ഒപ്പമാണ് സമരസമിതി. അവരുടെ താൽപ്പര്യത്തിന് വിരുദ്ധമായി കുടിയൊഴിപ്പിക്കാൻ എത്തിയാൽ അനുവദിക്കില്ലെന്നും സിറാജ് പറഞ്ഞു.
കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് നടത്തിയ നരനായാട്ടിൽ സ്‌ത്രീകൾക്കും രോഗികൾക്കുമുൾപ്പെടെ പരിക്കേറ്റിരുന്നു. കോടതിവിധി നടപ്പാക്കാൻ രണ്ടാഴ്‌ച സമയം അനുവദിച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചൊവ്വാഴ്‌ച സഭയിൽ പറഞ്ഞത്.










0 comments