മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ; പ്രധാന വിഷയങ്ങൾ മുക്കി മാധ്യമങ്ങൾ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്‌ച നടത്തിയ വാർത്താസമ്മേളനത്തിലെ പ്രധാന വിഷയങ്ങൾമുക്കി മലയാള മാധ്യമങ്ങൾ. കേരളത്തെ ലഹരിയിൽനിന്ന് മുക്തമാക്കാനുള്ള ഇടപെടൽ, അമ്പത്തിനാലായിരത്തിലേറെ കുടുംബത്തെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചത്, അഴിമതിക്കെതിരായ നടപടി, വഖഫ് വിഷയത്തിലെ ലീഗിന്റെ ഇരട്ടത്താപ്പ് എന്നിവയായിരുന്നു വാർത്താസമ്മേളനത്തിലെ പ്രധാന ഊന്നൽ. ഒരു മണിക്കൂർ നീണ്ട വാർത്താസമ്മേളനത്തിൽ മുക്കാൽ മണിക്കൂറോളം ഈ വിഷയങ്ങൾ പറയാനാണ് മുഖ്യമന്ത്രി ചെലവഴിച്ചത്. ദേശീയ പത്രങ്ങളടക്കം ഈ വിഷയങ്ങൾക്ക് പ്രധാന്യം നൽകിയപ്പോൾ മനോരമയും മാതൃഭൂമിയും അടക്കമുള്ളവ ഈ വാർത്ത തമസ്‌ക്കരിക്കുകയോ അപ്രധാനമാക്കുകയോ ആണ് ചെയ്‌തത്.
എഡിജിപി അജിത്‌കുമാറുമായും മുഖ്യമന്ത്രിയുടെ മകളുമായും ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് ഇവർ പ്രധാന്യത്തോടെ നൽകിയത്. കേരളത്തെ ലഹരിയിൽനിന്ന് മുക്തമാക്കാനുള്ള സർക്കാർ ഇടപെടൽ സംസ്ഥാനത്ത് സജീവ ചർച്ചാവിഷയമാകുകയും മികച്ച പിന്തുണ സമൂഹത്തിൽനിന്ന് ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഒപ്പം ഭരണസംവിധാനത്തെ അഴിമതിമുക്തമാക്കാനുള്ള സർക്കാർ ഇടപെടലിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വഖഫ് ബില്ലിൽ ബിജെപിയുടെ വഞ്ചനയും മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പും മുഖ്യമന്ത്രി തുറന്നുകാട്ടിയിരുന്നു. കോഴിക്കോട് ലീഗ് വഖഫ് സംഗമം സംഘടിപ്പിച്ച ദിവസംതന്നെയാണ് വിഷയത്തിലെ ലീഗിന്റെ ഇരട്ടത്താപ്പ് ഉദാഹരണസഹിതം മുഖ്യമന്ത്രി വിശദമാക്കിയത്.










0 comments