ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും സംഘപരിവാർ ഭയപ്പെടുന്നു; രക്തസാക്ഷിത്വം വർഗീയവിരുദ്ധ പോരാട്ടത്തിനുള്ള ആഹ്വാനം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയുടെ ഹൃദയത്തിലേക്ക് സംഘപരിവാറിന്റെ വർഗീയ പ്രത്യയശാസ്ത്രം നിറയൊഴിച്ചിട്ട് 78 വർഷങ്ങൾ തികയുകയാണെന്നും ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും സംഘപരിവാർ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജിയെ വധിച്ചത് ഗോഡ്‌സെ എന്ന വ്യക്തിയല്ല, മറിച്ച് സംഘപരിവാർ ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ആൾരൂപമാണെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങളെയും മതേതരത്വത്തെയും ശത്രുവായി കാണുന്ന വിഷലിപ്തമായ വർഗീയ അജണ്ടയാണ് ആ കൊലയാളിയിലൂടെ വെളിപ്പെട്ടത്. ആ വിപത്ത് ഇന്നും രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തകർക്കാൻ ശ്രമിക്കുകയാണ്.
സംഘപരിവാർ വിഭാവനം ചെയ്യുന്ന അപരവൽക്കരണ രാഷ്ട്രീയത്തിന് നേർവിപരീതമാണ് ഗാന്ധിജിയുടെ ദർശനങ്ങൾ. 'ഒരു രാഷ്ട്രം, ഒരു സംസ്‌കാരം' എന്ന ഏകശിലാത്മക അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ബഹുസ്വരതയുടെ ഇന്ത്യക്ക് വേണ്ടിയാണ് ഗാന്ധിജി നിലകൊണ്ടത്. മതനിരപേക്ഷതയോടുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ ഭയപ്പെട്ടതുകൊണ്ടാണ് അന്നവർ അദ്ദേഹത്തെ വധിച്ചതെന്നും ആ ഭയം ഇന്നും അവർക്കിടയിൽ നിലനിൽക്കുന്നു.
ഗാന്ധിജിയുടെ പേര് സാധാരണക്കാരുടെ ജീവിതത്തിൽ നിന്ന് അടർത്തി മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്തത് ഇതിന്റെ ഭാഗമാണ്. പദ്ധതിയെ നിർവീര്യമാക്കാനും വിഹിതം വെട്ടിക്കുറയ്ക്കാനുമുള്ള കേന്ദ്ര നീക്കങ്ങൾക്കെതിരെ കേരളം ഉയർത്തുന്ന ബദൽ രാഷ്ട്രീയം ഗാന്ധിജിയുടെ വികേന്ദ്രീകൃത വികസന കാഴ്ചപ്പാടുകളുടെ തുടർച്ചയാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ചരിത്രത്തെ തിരുത്തി എഴുതാനും വർഗീയ കൊലയാളികളെ വീരനായകന്മാരായി അവരോധിക്കാനും ശ്രമിക്കുന്ന ശക്തികൾ രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ് നയിക്കുന്നത്. മതന്യൂനപക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയും വേട്ടയാടുന്ന വർഗീയ ഫാസിസത്തിന് മുന്നിൽ ഇന്ത്യയുടെ മതേതര പൈതൃകം അടിയറവ് വെക്കില്ലെന്ന് നാം പ്രഖ്യാപിക്കണം. ഗാന്ധിജിയുടെ രക്തസാക്ഷിത്വം വർഗീയ വിരുദ്ധ പോരാട്ടത്തിനുള്ള നിരന്തരമായ ആഹ്വാനമാണെന്നും ആ പോരാട്ടമേറ്റെടുത്ത് ജനാധിപത്യ മതേതര ഇന്ത്യക്കായി മുന്നേറണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.










0 comments