'തുല്യതയിലൂന്നിയ നവലോകം കെട്ടിപ്പടുക്കാം'; വനിതാദിന സന്ദേശവുമായി മുഖ്യമന്ത്രി

cm Women's Day
വെബ് ഡെസ്ക്

Published on Mar 08, 2025, 10:52 AM | 1 min read

തിരുവനന്തപുരം: സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനായി തുല്യാവസരങ്ങളും അവകാശങ്ങളും മെച്ചപ്പെട്ട രീതിയിൽ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഈ വർഷത്തെ വനിതാ ദിനം ഓർമ്മപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനായി സമഗ്രമായ നടപടികളെടുത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോവുകയാണ്.


നമ്മുടെ നാടിന്റെ പുരോഗതിയെ നൂതനമായ പരിഷ്കാരങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോവാനും ലിംഗ സമത്വത്തിലൂന്നിയ ഒരു സമൂഹമായി പരിവർത്തിപ്പിക്കാനും സാധിക്കേണ്ടതുണ്ട്. അതിനായി ഒന്നിച്ചു മുന്നേറാം. തുല്യതയിലൂന്നിയ നവലോകം കെട്ടിപ്പടുക്കാൻ ഒരുമിച്ചു പ്രയത്നിക്കാമെന്നും അദ്ദേഹം പറഞ്ഞു.


ഫെയ്സ്ബുക്ക് കുറിപ്പ്


ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനായി തുല്യാവസരങ്ങളും അവകാശങ്ങളും മെച്ചപ്പെട്ട രീതിയിൽ ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന് ഈ വർഷത്തെ വനിതാ ദിനം ഓർമ്മപ്പെടുത്തുന്നു. സ്ത്രീകളെ രണ്ടാം കിട പൗരന്മാരായി കാണുന്ന പുരുഷാധിപത്യ വ്യവസ്ഥ ചൂഷണത്തിലധിഷ്ഠിതമായ മുതലാളിത്ത ലോകക്രമവുമായി ആഴത്തിൽ കെട്ടുപിണഞ്ഞിരിക്കുന്നു. നവലിബറൽ ലോകക്രമം പലവിധത്തിലുള്ള ചൂഷണങ്ങളെയും അതുവഴിയുള്ള അസമത്വത്തെയും രൂഢമൂലമാക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ഇന്ന് കൂടുതൽ അവശതകളനുഭവിക്കുന്നത്. സ്ഥിതിസമത്വം പുലരുന്ന ഒരു നവലോകത്തിനായുള്ള സമരമുന്നേറ്റങ്ങളുടെ ഭാഗമായി മാത്രമേ പുരുഷാധിപത്യ വ്യവസ്ഥയെയും ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ.


സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനായി സമഗ്രമായ നടപടികളെടുത്ത് മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാർ. പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണയോടു കൂടി മാത്രമേ ഈ ഇടപെടലുകളെല്ലാം പൂർണാർത്ഥത്തിൽ വിജയത്തിലെത്തുകയുള്ളൂ. കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുടെ ഫലമായിക്കൂടിയാണ് ഇവിടെ സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട സാഹചര്യങ്ങളുണ്ടായി വന്നത്. നമ്മുടെ നാടിന്റെ പുരോഗതിയെ നൂതനമായ പരിഷ്കാരങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോവാനും ലിംഗ സമത്വത്തിലൂന്നിയ ഒരു സമൂഹമായി പരിവർത്തിപ്പിക്കാനും സാധിക്കേണ്ടതുണ്ട്. അതിനായി ഒന്നിച്ചു മുന്നേറാം. തുല്യതയിലൂന്നിയ നവലോകം കെട്ടിപ്പടുക്കാൻ ഒരുമിച്ചു പ്രയത്നിക്കാം.



deshabhimani section

Related News

0 comments
Sort by

Home