കുട്ടനാടിന്റെ ഹൃദയത്തിലൂടെ എസി റോഡ്; ഇരുനിലകളിൽ തലയുയർത്തി പടഹാരം പാലം

എസി റോഡ്, പടഹാരം പാലം
ആലപ്പുഴ: ആലപ്പുഴയുടെ സ്വപ്ന പദ്ധതികളായ എസി റോഡും പടഹാരം പാലവും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ കെഎസ്ടിപിയുടെ മേൽനോട്ടത്തിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സെമി എലിവേറ്റഡ് ഹൈവേയായാണ് ആലപ്പുഴ–ചങ്ങനാശേരി റോഡ് (എസി റോഡ്) പുനരുദ്ധരിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ കെആർഎഫ്ബിയുടെ മേൽനോട്ടത്തിലാണ് പടഹാരം പാലം പൂർത്തിയാക്കിയത്.
നാടിന്റെ അതിജീവനത്തിന് ജനകീയ സർക്കാരിന്റെ കൈയൊപ്പ്
2018ലെ പ്രളയം കുട്ടനാടിനെ വിഴുങ്ങിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ചുനിന്ന ഒരു നാടിന്റെയാകെ ആശങ്കകളുടെ പരിഹാരവും സ്വപ്‌നങ്ങളുടെ സാക്ഷാത്കാരവുമാണ് എസി റോഡ് നവീകരണം. വെള്ളമുയർന്നാൽ റോഡുപോലും കാണാൻ പറ്റില്ല. റോഡുയർത്തിയാലേ പ്രശ്‌നപരിഹാരമുള്ളൂവെന്ന് മനസിലാക്കിയ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് സെമി എലിവേറ്റഡ് എസി റോഡായി ഫലം കണ്ടത്.
അന്നത്തെ പൊതുമരാമത്തുമന്ത്രി ജി സുധാകരൻ മുൻകൈയെടുത്താണ് 2020 ഒക്‌ടോബറിൽ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് വന്ന മന്ത്രി പി എ മുഹമ്മദ് റിയാസ് സർക്കാരിന്റെ മുൻഗണനാ പദ്ധതികളിലൊന്നായി എ സി റോഡിനെയും ഉൾപ്പെടുത്തി. ആലപ്പുഴ കളർകോടുമുതൽ കോട്ടയം ചങ്ങനാശേരി പെരുന്നയിൽ അവസാനിക്കുന്ന 24.17 കി.മീ റോഡാണിത്. നവീകരണ സമയങ്ങളിലാകെ ഗതാഗതം പാടെ മുടങ്ങാതെയാണ് പണി ചെയ്‌തത്. പ്രശ്‌നങ്ങൾ ചർച്ചചെയ്‌ത് പരിഹരിച്ചു. കഴിഞ്ഞവർഷങ്ങളിൽ മഴ ആർത്തുപെയ്‌തപ്പോഴും നദികൾ കരകവിഞ്ഞൊഴുകിയപ്പോഴും എ സി റോഡ് ചതിച്ചില്ല.
വിനോദസഞ്ചാരത്തിനും മുതൽക്കൂട്ട് കുട്ടനാടിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതും വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ വർധിക്കുന്നതുമാണ് എ സി റോഡിന്റെ അഞ്ച് മേൽപ്പാലം, നാല് വലിയ പാലം, 14 ചെറുപാലം, മൂന്ന് കോസ്‌വേകൾ, 42.62 കി.മീ നടപ്പാതകൾ, 48 ബസ് കാത്തിരിപ്പുകേന്ദ്രം, 73 കലുങ്ക്, 78 യൂട്ടിലിറ്റി ഡക്‌ട്‌സ്, 416 സ്‌ട്രീറ്റ് ലൈറ്റ്, 3.9 കിലോമീറ്റർ കൈവരി, 20.3 കിലോ മീറ്റർ ഓവുചാലുകൾ എന്നിവ ഉൾപ്പടുന്നതാണീ സെമി എലിവേറ്റഡ് ഹൈവേ. റോഡുയർത്തി മേൽപ്പാലങ്ങളടക്കം നിർമിച്ച് നവീകരിച്ചു. ചെറിയ പാലങ്ങൾ പുതുക്കിപ്പണിതു.
നെല്ലറയ്‌ക്ക് സർക്കാരിന്റെ സമ്മാനം
കുട്ടനാടിന്റെ നാല് പതിറ്റാണ്ടുകാലത്തെ സ്വപ്നമാണ് പൂക്കൈതയാറിന് കുറുകെ പൂവണിയുന്നത്. പടഹാരം പാലം കേരളത്തിന്റെ നെല്ലറയ്‌ക്ക് മുഖ്യമന്ത്രി സമർപ്പിച്ചതോടെ സംസ്ഥാനത്തെ ആദ്യ ഇരുനിലപ്പാലം കുട്ടനാടൻ സൗന്ദര്യത്തിന് മുതൽക്കൂട്ടാകും.
കേരളീയ വാസ്‌തുവിദ്യയിൽ ആറ് വാച്ച് ടവർ, മുകളിൽ വിശാലമായ രണ്ടുവരിപ്പാത, പാലത്തിന് താഴെ കുട്ടനാടിന്റെ സൗന്ദര്യം നുകരാവുന്ന രീതിയിൽ നടപ്പാത. തകഴി–-നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 453 മീറ്റർ ദൈർഘ്യത്തിലാണ് പാലം. 2019 മാർച്ച് ആറിന് അന്നത്തെ പൊതുമരാമത്തുമന്ത്രി ജി സുധാകരനാണ് പാലം നിർമാണം ഉദ്‌ഘാടനംചെയ്‌തത്. രൂപകൽപ്പനയും സുന്ദരംരണ്ട് നിലയിലായി ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് പൊതുമരാമത്ത് ഡിസൈൻ വിഭാഗം പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. മുകളിൽ 7.5 മീറ്റർ വീതിയിൽ പാലവും താഴെ 1.70 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയും ഒരുക്കിയിരിക്കുന്നു. ഇരുവശങ്ങളിലുമായുള്ള വാച്ച് ടവറുകളിൽ സന്ദർശകർക്ക് പമ്പയുടെ സൗന്ദര്യം ആസ്വദിച്ച് വിശ്രമിക്കാം.










0 comments