"സർക്കാർ പിന്മാറണം എന്ന് വാദിക്കുന്നവരോട് വിശ്വാസികൾ തിരിച്ചുചോദിക്കണം, പഴയ ദുരവസ്ഥയിലേക്കു തിരിച്ചുപോകണോ എന്ന്"

Pinarayi Vijayan Global Ayyappa Samgamam

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Sep 20, 2025, 12:15 PM | 2 min read

പത്തനംതിട്ട: ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ പിന്മാറണം എന്ന് വാദിക്കുന്നവരോട്, സർക്കാർ സഹായമില്ലാത്ത ദുരവസ്ഥയിലേക്ക് തിരിച്ചുപോകണം എന്നാണോ ആഗ്രഹിക്കുന്നതെന്ന് വിശ്വാസികൾ ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


വിശ്വാസികളുടെ കൈകളില്‍ തന്നെയായിരുന്നു പണ്ട് ക്ഷേത്രങ്ങള്‍. ആരും നോക്കാനില്ലാതെ അതൊക്കെ മിക്കവാറും നാശോന്മുഖമാകുന്ന നില വന്നപ്പോഴാണ് ദേവസ്വം ബോര്‍ഡ് ഉണ്ടാകണമെന്ന, സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം വിശ്വാസി സമൂഹത്തില്‍ നിന്നുതന്നെ ഉയര്‍ന്നത്. അങ്ങനെയാണ് ബോര്‍ഡുകളും മറ്റ് ഭരണസംവിധാനങ്ങളും നിലവില്‍ വന്നത്. തകര്‍ച്ചയിലായ ഒരുപാട് ക്ഷേത്രങ്ങള്‍ ഉദ്ധരിക്കപ്പെട്ടതും, ക്ഷേത്ര ജീവനക്കാര്‍ക്കു കൃത്യമായി ശമ്പളം ഉറപ്പായതും അതോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


2019ലെ കോവിഡ് മഹാമാരിയുടെ കാലത്ത് 140 കോടി രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ ബോര്‍ഡിനു നല്‍കിയത്. മരാമത്ത് പണികള്‍ക്കായി 123 കോടി രൂപയും ലഭ്യമാക്കി. ഇത്തരം സത്യങ്ങള്‍ പലരും കണ്ടില്ലെന്നു നടിക്കുകയാണ്.


ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ കൈക്കലാക്കുന്നുവെന്ന വ്യാജപ്രചാരണം ചിലര്‍ ഇപ്പോഴും നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഒരു പൈസ പോലും എടുക്കുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ അങ്ങോട്ടു പണം നല്‍കുക കൂടി ചെയ്യുന്നു. അതുകൊണ്ടാണ് താരതമ്യേന തുച്ഛവരുമാനം മാത്രമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ ഇന്നും അന്തിത്തിരി തെളിയുന്നത്. അവിടങ്ങളിലെ ക്ഷേത്ര ജീവനക്കാര്‍ പട്ടിണിയിലാകാത്തത്.


ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികള്‍ ആരംഭിച്ച 2011-2012 മുതല്‍ നാളിതുവരെ 148.5 കോടിയോളം രൂപ സര്‍ക്കാര്‍ വിവിധ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിന്റെ ലേ ഔട്ട് പ്ലാനിന് 2020 ല്‍ തന്നെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനത്തിലെ കാലതാമസം കാരണം ഫണ്ട് യഥാസമയം ചെലവഴിക്കാന്‍ സാധിക്കാത്ത സാഹചര്യം മുന്‍പ് ഉണ്ടായിരുന്നു.


എന്നാല്‍ സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ മൂലം ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ എല്ലാംതന്നെ വേഗത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി സന്നിധാനത്തിന്റെയും പമ്പയിലെ ട്രെക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയില്‍ അംഗീകാരം നല്‍കുകയുണ്ടായി.


2016-17 മുതല്‍ 2025 വരെ, ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി ആകെ 650 കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 145 കോടി രൂപ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 26 കോടി രൂപ, മലബാര്‍ ദേവസ്വം ബോര്‍ഡിന് 305 കോടി രൂപ, കൂടല്‍മാണിക്യം ദേവസ്വത്തിന് 4 കോടി രൂപ, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് 21 കോടി രൂപ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മൂന്നരക്കോടി രൂപ, ഹിന്ദുധര്‍മ്മ സ്ഥാപന ഭരണ വകുപ്പിന് 28 കോടി രൂപ എന്നിങ്ങനെയാണ് ദേവസ്വം ബോര്‍ഡുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും അനുവദിച്ച തുക.


ഇതിനുപുറമെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്ക് 83.95 കോടി രൂപയും, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് 22 കോടി രൂപയും, ഇടത്താവളം പദ്ധതികള്‍ക്കായി 116 കോടി രൂപയും അനുവദിച്ചു. ശബരിമല ഉത്സവം നടത്തിപ്പിനുവേണ്ടി കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 10 കോടിയിലധികം രൂപയാണ് അനുവദിച്ചത്.


2019-20 സാമ്പത്തിക വര്‍ഷത്തില്‍, ഏകദേശം 100 കോടി രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കായി പ്രത്യേകമായി വകയിരുത്തിയിരുന്നു. 2016-17 മുതല്‍ 2019-20 വരെ, എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കുമായി 351 കോടി രൂപ വിതരണം ചെയ്തു. ഇക്കഴിഞ്ഞ നാലര വര്‍ഷത്തിലായി ദേവസ്വം ബോര്‍ഡുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമായി 232 കോടി രൂപയാണ് അനുവദിച്ചത്. ഇങ്ങനെ സര്‍ക്കാര്‍ അങ്ങോട്ടു കൊടുക്കുന്നത് കാണാതെയാണ് സര്‍ക്കാര്‍ പണം കൊണ്ടുപോവുകയാണ് എന്ന് ആക്ഷേപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home