പെട്ടെന്നൊരു സുപ്രഭാതത്തില്‍ തീരുമാനിച്ചതല്ല അയ്യപ്പസംഗമം; മാസ്റ്റര്‍പ്ലാന്‍ 2050 വരെയുള്ള വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടുള്ളത്: മുഖ്യമന്ത്രി

CM Pinarayi Vijayan at Aagola Ayyappa Samgamam
വെബ് ഡെസ്ക്

Published on Sep 20, 2025, 01:31 PM | 2 min read

പത്തനംതിട്ട: വര്‍ഷങ്ങള്‍ നീണ്ട ആലോചനയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ആ​ഗോള അയ്യപ്പസം​ഗമം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ, പെട്ടെന്നൊരു സുപ്രഭാതത്തില്‍ തീരുമാനിച്ചതല്ല ഈ അയ്യപ്പസംഗമം. മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പലരും വിളിച്ച് ശബരിമലയെ ആഗോള തലത്തില്‍ ശ്രദ്ധേയമാക്കേണ്ടതിനെപ്പറ്റി സംസാരിക്കാറുണ്ട്. ഇരുമുടിക്കെട്ടുമായി വിമാനത്തില്‍ വരുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നു ആവശ്യപ്പെടാറുണ്ട്. പ്രശ്‌നപരിഹാരത്തിനു യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അവിടെയാണു ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചുള്ള ചിന്തകളുടെ തുടക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ശബരി റെയില്‍പ്പാതയും, റോപ്പ് വേയും, വിമാനത്താവളങ്ങളും ഒക്കെ ഉള്‍പ്പെടുന്ന ശാസ്ത്രീയമായ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ മാസ്റ്റര്‍ പ്ലാനിന്റെ വിശദാംശങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും. ഏതാണ്ട് 2050 വരെയുള്ള വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടു കൊണ്ടാണ് കാര്യങ്ങള്‍ നീക്കുന്നത്. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കല്‍ എന്നിവയുടെ സമഗ്ര വികസനമാണ് ശബരിമല മാസ്റ്റര്‍പ്ലാന്‍ ലക്ഷ്യമിടുന്നത്.


ഓരോ വര്‍ഷവും ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. അതിനനുസരിച്ച് സുഗമമായ യാത്രാസൗകര്യം, പാര്‍ക്കിങ്ങ്, ശുദ്ധജലലഭ്യത, സാനിറ്റേഷന്‍ സംവിധാനങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍ ഒക്കെ വേണം. ഇവ പ്രകൃതിയുടെ മനോഹാരിതയ്ക്ക് കോട്ടം തട്ടാതെയും, പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കാതെയും ആവണം. എരുമേലി അടക്കമുള്ള സമീപപ്രദേശങ്ങളും ഇതിന്റെ ഭാഗമായി വികസിപ്പിക്കണം. ഒരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് തന്നെ വികസിപ്പിക്കേണ്ടതുണ്ട്.


ശബരിമല സന്നിധാനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേ ഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അതോടൊപ്പം സുരക്ഷയും സൗന്ദര്യാത്മക മെച്ചപ്പെടുത്തലുകളും ലേ ഔട്ട് പ്ലാന്‍ ഉറപ്പാക്കുന്നുണ്ട്. കേരളത്തിന്റെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിക്ക് അനുസൃതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സവിശേഷതകളും ലേ ഔട്ട് പ്ലാന്‍ മുന്നോട്ടുവെക്കുന്നുണ്ട്.


ശബരിമല സന്നിധാനത്തന്റെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും, 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ, ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.


ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഒരു ട്രാന്‍സിറ്റ് ക്യാമ്പായിട്ടാണ് പമ്പയെ ലേ ഔട്ട് പ്ലാനില്‍ വിഭാവനം ചെയ്തിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് കയറുന്നതിനും സന്നിധാനത്തു നിന്നു തിരിച്ചിറങ്ങുന്നതിനും ഒരു പ്രത്യേക സര്‍ക്കുലേഷന്‍ റൂട്ട് പിന്തുടരുന്നുവെന്ന് ഉറപ്പാക്കി അതുവഴി ഭാവിയില്‍ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കുവാനുതകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.


ലേ ഔട്ട് പ്ലാന്‍ പ്രകാരം പമ്പയുടെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 184.75 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയും, ട്രെക്ക് റൂട്ടിന്റെ വികസനത്തിനായി 2022-2025 വരെയുള്ള ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും 2024-2026 വരെയുള്ള രണ്ടാം ഘട്ടത്തിന് 15.09 കോടി രൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.


സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകള്‍ പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 1,033.62 കോടി രൂപയാണ്. ശബരിമല മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി 2025-2030 കാലയളവില്‍ 314.96 കോടി രൂപയുടെ പദ്ധതികളാണ് ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ആവിഷ്‌കരിച്ചിട്ടുള്ളത്.


പമ്പ ഗണപതിക്ഷേത്രം മുതല്‍ പമ്പ ഹില്‍ടോപ്പ് വരെ പമ്പാ നദിക്കുകുറുകെ നിര്‍മ്മിക്കുന്ന സുരക്ഷാപാലം, നിലയ്ക്കല്‍ ഇടത്താവളത്തിലെ കോര്‍ ഏരിയയുടെ വികസനം. കുന്നാറില്‍ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, നിലയ്ക്കല്‍ ഇടത്താവളത്തിലെ റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിര്‍മ്മാണം, ശബരിമല സന്നിധാനത്തെ തീര്‍ത്ഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിര്‍മ്മാണ-വിതരണ സമുച്ചയം എന്നിവയുടെ നിര്‍മ്മാണം, ശബരിമല സന്നിധാനത്ത് അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രവൃത്തി, കൂടാതെ ശബരിമല സന്നിധാനത്തെ തീര്‍ത്ഥാടക നിര്‍ഗമന പാലം, നിലയ്ക്കല്‍ ഇടത്താവളത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും എന്നിവയ്ക്കായി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി ഉദ്​ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home