ad
Deshabhimani

'മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്'; കെ പി ഉണ്ണികൃഷ്ണന് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

kp unnikrishnan pinarayi vijayan
വെബ് ഡെസ്ക്

Published on Mar 03, 2026, 10:11 AM | 1 min read

തിരുവനന്തപുരം : മുൻ കേന്ദ്ര മന്ത്രിയും ദീർഘകാലം വടകരയിൽ നിന്നുള്ള ലോകസഭ അംഗവുമായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പത്രപ്രവർത്തന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


വി.പി. സിംഗ് മന്ത്രിസഭയിൽ ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം മികച്ച ഭരണാധികാരി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു. പാർലമെന്റേറിയൻ എന്ന നിലയിൽ ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. ബോഫോഴ്സ് പോലുള്ള കുംഭകോണങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും മറ്റും പാർലമെൻ്റിലും പുറത്തും ധീരമായ നിലപാട് കൈക്കൊണ്ടു. കേന്ദ്ര മന്ത്രി എന്ന നിലയിൽ കേരളത്തിൻ്റെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകാനും അദ്ദേഹത്തിന് സാധിച്ചു. പത്രപ്രവർത്തന, പാർലമെൻ്റി രം​ഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം നെഹ്റുവിയൻ മൂല്യങ്ങൾ കോൺഗ്രസിൽ നിലനിർത്താൻ ശ്രമിച്ചു.


1990ലെ ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽ കുടുങ്ങിയ ഒന്നര ലക്ഷത്തോളം മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ കെ പി ഉണ്ണികൃഷ്ണൻ വഹിച്ച നേതൃപരമായ പങ്ക് എക്കാലവും ഓർക്കപ്പെടും. യുദ്ധസാഹചര്യത്തിൽ പോലും ബാഗ്ദാദിലെ രഹസ്യകേന്ദ്രത്തിൽ വെച്ച് സദ്ദാം ഹുസൈനെ കാണാനും മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.


സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായ ഭാഷയിൽ എതിർക്കുകയും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്ത കെപി ഉണ്ണികൃഷ്ണനെതിരെയാണ് 1991ൽ കോലീബി സഖ്യം പൊതു സ്ഥാനാർഥിയെ അവതരിപ്പിച്ചത്. എന്നാൽ വടകര ലോകസഭാ മണ്ഡലത്തിലെ വിജയം എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഉണ്ണികൃഷ്ണനു തന്നെയായിരുന്നു. 1971 മുതൽ 1996 വരെ 25 വർഷം തുടർച്ചയായി വടകരയെ ലോകസഭയിൽ പ്രതിനിധീകരിച്ചു.


ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന മലയാളിയായും, നിർണ്ണായക ഘട്ടങ്ങളിൽ രാജ്യത്തിനുവേണ്ടി നിലപാടുകളെടുത്ത നേതാവുമാണ് കെ പി ഉണ്ണികൃഷ്ണൻ. ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home