മുഖ്യമന്ത്രിയായില്ലെങ്കിൽ എന്താ! കോഴ നിശ്ചയിച്ചു; വിലപേശലും തുടങ്ങി

തിരുവനന്തപുരം: മന്ത്രിസഭ രൂപീകരിക്കുംമുമ്പ് സുപ്രധാന തസ്തികകളിലേക്ക് കോഴ നിശ്ചയിച്ചും വിലപേശിയും യുഡിഎഫ് നേതാക്കൾ. പൊലീസ്, എക്‌സൈസ്, റവന്യു, തദ്ദേശം, പൊതുമരാമത്ത്, മോട്ടോർവാഹന വകുപ്പുകളിലെ സുപ്രധാന തസ്തികകൾക്കും സ്ഥാനക്കയറ്റത്തിനും മിനിമംതുക നിശ്ചയിച്ചിട്ടുണ്ട്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളുടെ നേതൃത്വത്തിലാണ് ഇതിന്മേൽ ലേലംവിളി. അഴിമതി തടയേണ്ട വിജിലൻസിലെ ചില പദവികൾക്കുപോലും വിലയിട്ടതായാണ് വിവരം.
10 ലക്ഷം മുതൽ മൂന്നരക്കോടി വരെ ചോദിക്കുന്ന തസ്തികകളുണ്ട്. പൊലീസ്, എക്സൈസ് ഉൾപ്പെടെ യുണിഫോം തസ്തികകൾക്കാണ് ‘ഡിമാൻഡ്’. സ്ഥാനമേറ്റാൽ കിട്ടുന്നതിന്റെ പങ്കുനൽകണമെന്നും വ്യവസ്ഥയുണ്ട്. ജില്ലാ പൊലീസ് മേധാവിമാർ, ഡിവൈഎസ്‌പി, എസ്എച്ച്ഒ എന്നിങ്ങനെ റാങ്കുകൾക്ക് അനുസരിച്ചാണ് കോഴ. നഗരപരിധിയിലെ ചില സബ് ഡിവിഷനുകളിൽ ഡിവൈഎസ്‌പി തസ്തികയ്ക്ക് 30 ലക്ഷംവരെ ചോദിക്കുന്നതായാണ് വിവരം. പണപ്പിരിവിന് സാധ്യതയുള്ള എക്സൈസ് ഡിവഷനുകളിലും സർക്കിൾ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലും കയറിപ്പറ്റാനും നിരക്കുണ്ട്. കോഴ നൽകിയും രാഷ്ട്രീയ സ്വാധീനംകൊണ്ടും സ്ഥാനങ്ങളിലേക്ക് എത്തുന്നവർക്ക് കാശ് തിരിച്ചുപിടിക്കാൻ പരമാവധി കൈയിട്ടുവാരുകയാകും ലക്ഷ്യം.
കോഴ സാധ്യത മുന്നിൽക്കണ്ട്, അർഹരായവരുടെ പ്രമോഷൻ നടപടികൾ കോൺഗ്രസ്, ലീഗ് അനുകൂല സംഘടനാ നേതാക്കളുടെ സമ്മർദത്തിൽ മരവിപ്പിച്ചിട്ടുണ്ട്. വിവിധ വകുപ്പിലെ തങ്ങളുടെ അംഗങ്ങളോട് ഏത് ഓഫീസ് വേണമെന്ന വിവരശേഖരണവും എൻജിഒ അസോസിയേഷൻ നടത്തുന്നു. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ഓൺലൈൻ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള സുതാര്യ നടപടികളെ അട്ടിമറിക്കാച്ചാണിത്. താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരെ പിരിച്ചുവിട്ട് പുതിയ നിയമനത്തിനും നീക്കം തുടങ്ങി.










0 comments