വരുന്നൂ, ക്ലാസ് റൂം ലാബുകൾ; ആദ്യഘട്ടത്തിൽ 100 സർക്കാർ സ്കൂളുകളിൽ

Image: Gemini AI
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിന്റെ ഭാഗമായി ക്ലാസ് റൂം ലാബുകൾ സജ്ജമാക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട 100 സർക്കാർ വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ക്ലാസ് റൂം ലാബുകൾ ഒരുക്കുക.
3, 4 ക്ലാസുകളിൽ മാതൃഭാഷ, ഇംഗ്ലീഷ്, പരിസരപഠനം, ഗണിതം എന്നീ വിഷയങ്ങളിൽ ഊന്നൽ കൊടുത്താകും ലാബ് സജ്ജീകരിക്കുക. പഠനോപകരണങ്ങൾ കുട്ടികളുടെ കൈയെത്തും ദൂരെ സജ്ജീകരിക്കുക, പ്രവർത്തനാധിഷ്ഠിത സാധ്യമാക്കുക, പഠനത്തിൽ കൂടുതൽ താൽപ്പര്യം ജനിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
50,000 രൂപയാണ് ഓരോ വിദ്യാലയത്തിനും അനുവദിച്ചത്. പഠനോ പകരണങ്ങൾ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ബിആർസി പ്രവർത്തകരും ചേർന്നാണ് തയ്യാറാക്കുക. ആവശ്യമായ മറ്റ് ഉപകരണങ്ങൾ പുറത്തുനിന്ന് വാങ്ങാം. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളും അനുബന്ധ വസ്തുതകളുമാണ് ലാബിൽ സജ്ജീകരിക്കുന്നത്.
വായന പുസ്തകങ്ങൾ, ബ്ലൂടുത്ത് സ്പീക്കർ, സ്മാർട്ട് ടിവി, മൈക്രോ സ്കോപ്, ടെലസ്കോപ്, കുട്ടികളുടെ സർഗ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് സർഗ ചുമര്, അക്വേറിയം, വിവിധതരം മുഖംമൂടികൾ, പാവനാടകത്തിനാവശ്യമായ പാവകൾ, വായനാ കാർഡുകൾ, സംഖ്യാ ചക്രങ്ങൾ, അബാക്കസ്, മഴമാപിനി തുടങ്ങി 150ഓളം പഠനോപകരണങ്ങൾ ക്ലാസ് മുറിയിൽ ഒരുക്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നതെന്ന് എസ്എസ് കെ പ്രോജക്ട് ഡയറക്ടർ ഡോ. എ ആർ സുപ്രിയ പസഞ്ഞു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അനുലേഖ, സ്റ്റാർസ് കൺസൾട്ടൻസ് സി രാധാകൃഷ്ണൻനായർ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.









0 comments