ad
Deshabhimani

print edition നിക്ഷേപക ചർച്ചയെന്ന വാദം പൊളിയുന്നു; മുഖ്യമന്ത്രി കണ്ടത്‌ പച്ചക്കറി വ്യാപാരിയെ

vd .png
വെബ് ഡെസ്ക്

Published on Aug 10, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സർക്കാരിന്റെ വാടക ഹെലികോപ്‌റ്ററിൽ കൊച്ചിയിലേക്ക്‌ പറന്നത്‌ നിക്ഷേപക ഗ്രൂപ്പുമായി ചർച്ചയ്‌ക്കെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം കള്ളമെന്നതിന്‌ കൂടുതൽ തെളിവ്‌. കഴിഞ്ഞയാഴ്‌ച എറണാകുളം ജില്ലയിൽ അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയ ഏക നിക്ഷേപകൻ മലപ്പുറം സ്വദേശിയായ പച്ചക്കറി വ്യാപാരിയാണ്‌. ആഗസ്‌ത്‌ രണ്ടിന്‌ പറവ‍‍ൂരിലെ എംഎൽഎ ഓഫീസിലായിരുന്നു കൂടിക്കാഴ്‌ച. ഇക്കാര്യം ഇന്റലിജൻസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌ മുഖ്യമന്ത്രിയെ സന്ദർശിച്ചശേഷം കൊച്ചിയിലെത്തിയ പ്രമുഖ ‘നിക്ഷേപക ഗ്രൂപ്പു’മായി ചർച്ചയ്‌ക്കാണ്‌ ഹെലികോപ്‌റ്ററിൽ പോയതെന്നാണ്‌ സതീശൻ പറഞ്ഞത്‌.


മുഖ്യമന്ത്രി ഹെലികോപ്‌റ്ററിൽ കൊച്ചിയിലേക്ക്‌ പോയത്‌ ജൂലൈ 31നാണ്‌. ഇതിന്റെ വിവരം പൊലീസ്‌ ഇന്റലിജൻസ്‌ വിഭാഗത്തിന്റെ പക്കലുണ്ട്‌. ആലുവയിലെ ആശുപത്രിയിൽ ഭാര്യാപിതാവിനെ സന്ദർശിക്കാൻ ഹെലികോപ്‌റ്ററിൽ സഞ്ചരിച്ചത്‌ വിവാദമായതോടെയാണ്‌ നിക്ഷേപക ഗ്രൂപ്പുമായി ചർച്ചയ്‌ക്കാണ്‌ പോയതെന്ന്‌ ന്യായീകരിച്ചത്‌. ആ നിക്ഷേപകരാരെന്ന്‌ വെളിപ്പെടുത്തിയതുമില്ല. അതിനിടെയാണ്‌ രണ്ടിന്‌ പച്ചക്കറി വ്യാപാരി സന്ദർശിച്ച വിവരം പുറത്തുവന്നത്‌.


31ന്‌ ഭാര്യാപിതാവിനെ കണ്ടശേഷം മുഖ്യമന്ത്രി പോയത്‌ ആലുവ ദേശത്തെ സ്വന്തം വീട്ടിലേക്കാണ്‌. അന്ന്‌ മുഴുവനും അവിടെത്തന്നെയായിരുന്നു. സന്ദർശകരെ അനുവദിച്ചില്ല. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയെയോ ആരെങ്കിലും സന്ദർശിച്ചാൽ വിവരം പൊലീസ്‌ ഇന്റലിജൻസിന്‌ ലഭിക്കും. എന്നാൽ, പൊലീസിന്റെ കൈവശമുള്ള മുഖ്യമന്ത്രിയുടെ മൂവ്‌മെന്റ്‌ രേഖയിലോ കൊച്ചി സിറ്റി, റൂറൽ പൊലീസിലോ നിക്ഷേപക കൂടിക്കാഴ്‌ചയുടെ വിവരമില്ല. ഇന്റലിജൻസ്‌ മേധാവി, സംസ്ഥാന പൊലീസ്‌ മോധാവിയുടെ കൺട്രോൾ റൂം, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവർക്കും ഇതേപ്പറ്റി വിവരമില്ല. കള്ളം പിടിക്കപ്പെട്ടതോടെ താൻ എറണാകുളത്തുള്ളതുകൊണ്ടാണ്‌ നിക്ഷേപകരെ അവിടെ കാണാൻ തീരുമാനിച്ചതെന്ന്‌ ആഗസ്‌ത്‌ അഞ്ചിന്‌ സതീശൻ മലക്കംമറിഞ്ഞു. അപ്പോഴും ആരെയാണ്‌ കണ്ടതെന്ന്‌ വെളിപ്പെടുത്തിയിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home