ചൂടിനൊപ്പം "ഇരുട്ടും'
രണ്ടര മണിക്കൂറിനിടെ ഒരുമണിക്കൂര്‍ പവര്‍കട്ട്

പവര്‍കട്ടിനെ തുടര്‍ന്ന് മെഴുകുതിരി കത്തിച്ചുവച്ച് പഠിക്കുന്ന വിദ്യാര്‍ഥികൾ
സ്വന്തം ലേഖകന്‍
മലപ്പുറം
കനത്ത ചൂടില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി പവര്‍കട്ട്. ചൂട് കൂടുമെന്ന് നേരത്തെ അറിഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാത്തതാണ് തിരിച്ചടിയായത്. രാവിലെമുതല്‍ രാത്രിവരെ തോന്നുംപോലെയാണ് വൈദ്യുതി നിയന്ത്രിക്കുന്നത്. തിങ്കളാഴ്ച രാത്രിമാത്രം രണ്ടര മണിക്കൂറിനിടെ ഒരുമണിക്കൂര്‍ ഇരുട്ടിലാക്കി. മഞ്ചേരി 110 കെവി സബ്സ്റ്റേഷനുകീഴില്‍ എട്ട് ഫീഡറുകളാണുള്ളത്. ഇവിടങ്ങളില്‍ രാത്രി 8.15ന് ശേഷം 30 മിനിറ്റുവീതം രണ്ട് തവണ പവര്‍കട്ട് ഏര്‍പ്പെടുത്തി. കാരാപ്പറമ്പ് ഫീഡറില്‍ രാത്രി 8.15മുതല്‍ 8.45വരെയായിരുന്നു ആദ്യ നിയന്ത്രണം. പിന്നീട് 10.15മുതല്‍ 10.45വരെ വീണ്ടും ഇരുട്ടിലാക്കി. മറ്റുള്ള ഫീഡറുകളിലും ഇതാണ് അവസ്ഥ. രാവിലെമുതല്‍ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന വൈദ്യുതി നിയന്ത്രണത്തിന് പുറമെയാണിത്. കനത്ത ചൂടിനിടെ മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രിക്കുന്നതില്‍ ജനങ്ങള്‍ക്കും രോഷമുണ്ട്. ഫാനോ എസിയോ ഇല്ലാതെ കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കറന്റ് പോകുന്നതോടെ പ്രായമായവരും രോഗികളും കുട്ടികളും ഗര്‍ഭിണികളുമടക്കം സാധാരണക്കാര്‍ ബുദ്ധിമുട്ടിലാകുന്നു. പകല്‍സമയത്തെ നിയന്ത്രണം കച്ചവടസ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗംകൂടിയതാണ് പവര്‍കട്ടിന് കാരണമായി പറയുന്നത്. എന്നാല്‍, കഴിഞ്ഞ ഏപ്രിലിലായിരുന്നു സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗമുണ്ടായത്. അന്നുപോലുമില്ലാത്ത പവര്‍കട്ട് ഇപ്പോഴുണ്ടാകുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടുമാത്രമാണ്.










0 comments