print edition ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയിട്ടില്ല; വീഴ്‌ച ആര്യാടന്റെ കാലത്ത്, പിഴവ് തുടർന്ന് സണ്ണി

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആസൂത്രണമില്ലായ്‌മയിൽ നാട് ഇരുട്ടിലായതിൽ പ്രതിഷേധം കടുത്തതോടെ എൽഡിഎഫ് സർക്കാരിനെ പഴിചാരി രക്ഷപ്പെടാൻ നുണ ആവർത്തിച്ച് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. ദീർഘകാല വൈദ്യുതി കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയെന്ന നുണയാണ് പറയുന്നത്.
എൽഡിഎഫ് സർക്കാർ കരാർ റദ്ദാക്കിയിട്ടില്ലെന്നുമാത്രമല്ല, റെഗുലേറ്ററി കമീഷൻ അനുമതി നിഷേധിച്ച കരാർ നടപ്പാക്കിക്കിട്ടാൻ എല്ലാവഴികളും സ്വീകരിച്ചു. സർക്കാരും കെഎസ്‌ഇബിയും നൽകിയ ഹർജി സുപ്രീംകോടതിയിലാണ്. ഇത് മറച്ചുവച്ചാണ് കള്ളം ആവർത്തിക്കുന്നത്.
ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്ന കാലത്ത് റെഗുലേറ്ററി കമീഷന്റെ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിച്ചതാണ് അനിശ്ചിതാവസ്ഥയ്‌ക്ക് കാരണം.
2014ലാണ് 765 മൈഗാവാട്ടിനായി രണ്ട് ടെൻഡർ വിളിച്ചത്. ആദ്യ ടെൻഡറിൽ യൂണിറ്റിന് 3.60 രൂപ നിരക്കിൽ 200 മെഗാവാട്ടും രണ്ടാമത്തേതിൽ യൂണിറ്റിന് 4.29 രൂപ നിരക്കിൽ 100 മെഗാവാട്ടുമാണ് കുറഞ്ഞ നിരക്ക്. ഇതിനൊപ്പം യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് കൂടി ചേർത്ത് 765 മെഗാവാട്ടിന് അന്ന് കരാറായി.
റെഗുലേറ്ററി കമീഷന്റെ അനുമതി വാങ്ങാതെയാണ് ഒപ്പിട്ടത്. കുറഞ്ഞ നിരക്കിൽ കിട്ടിയ 300 മെഗാവാട്ടിന് അനുമതി നൽകിയെങ്കിലും 465 മെഗാവാട്ടിന്റെ കരാർ ക്രമപ്രകാരമല്ലാത്തതിനാൽ കമീഷൻ അനുവദിച്ചില്ല. കരാർ ക്രമപ്പെടുത്താൻ സർക്കാർ നടപടിയെടുത്തുമില്ല. 2016ൽ എൽഡിഎഫ് സർക്കാർ പൊതുതാൽപ്പര്യം പരിഗണിച്ച് കരാർ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചു. അന്തിമ തീരുമാനമാകുംവരെ വൈദ്യുതി വാങ്ങാൻ കമീഷൻ അനുവദിച്ചു.
കരാർ ക്രമപ്പെടുത്താനായി 2021ൽ കമ്പനികൾ അപ്പലേറ്റ് ട്രൈബ്യൂണലിനെയും തുടർന്ന് സുപ്രീംകോടതിയെയും സമീപിച്ചു. മൂന്നുമാസത്തിനകം തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചതോടെ 2023 മെയ് 10ന് കമീഷൻ കരാർ റദ്ദാക്കി. ഇതോടെ കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ കമീഷനോട് നിർദേശിച്ചു. കമ്പനികൾ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചതോടെ വീണ്ടും കരാർ റദ്ദാക്കി. ഇതിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയിലാണ്.










0 comments