ad
Deshabhimani

ഇല്ലാ, ഇല്ല മരിക്കുന്നില്ല...

a

ഷംസു പുന്നക്കൽ തൊഴിലാളികളുടെ സമര വേദിയിൽ (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Sep 09, 2026, 12:22 AM | 1 min read

സ്വന്തം ലേഖകൻ

മഞ്ചേരി

നഗരമാകെ അലയടിക്കുന്ന ഇൻക്വിലാബ് വിളികൾ, കൊടികൾ, തോരണൾ... ചുവപ്പണിഞ്ഞ നഗരവീഥികളിൽ സിഐടിയു ജില്ലാ സമ്മേളനത്തിന്റെ മുദ്രാവാക്യങ്ങൾ മുഴങ്ങുമ്പോൾ ഷംസുവിന്റെ ഓർമകളും ആവേശമാകുന്നു. വർഗീയ ഭീകരതയ്ക്കുമുന്നിൽ തലകുനിക്കാതെ സ്വന്തം ചോരകൊണ്ട് നിലപാടുകൾ അടയാളപ്പെടുത്തിയ പോരാളിയുടെ ഓർമ. ഓരോ തൊഴിലാളിയുടെയും നെഞ്ചിൽ എന്നും തിളങ്ങുന്ന അധ്യായമാണ്‌ ഷംസു പുന്നക്കൽ. മഞ്ചേരിയിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽനിന്നാണ് ഷംസു നേതൃനിരയിലേക്ക് ഉയർന്നത്. 2001 ജനുവരിയിൽ പട്ടാപ്പകൽ എൻഡിഎഫ് ഭീകരവാദികളുടെ വധശ്രമത്തിൽ 56 വെട്ടുകളേറ്റ് ഗുരുതരമായി പരിക്കേറ്റപ്പോൾ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന്‌ ആരും പ്രതീക്ഷിച്ചില്ല. എന്നാൽ ഷംസു തോറ്റില്ല. പത്തിലധികം ശസ്ത്രക്രിയകൾക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഷംസു വീണ്ടും തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങി. സ്വന്തം ചോരവീണ അതേ അങ്ങാടിയിൽ തൊഴിലാളികളെ ചേർത്തുപിടിച്ചായിരുന്നു പിന്നീടുള്ള പോരാട്ടം. വേദനകൾ മറന്ന് ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങൾക്കായി മുന്നിൽനിന്നു. ശരീരത്തിലെ മുറിവുകൾ ഓരോന്നും തൊഴിലാളി പ്രസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ അടയാളമായി. മഞ്ചേരി എൻഎസ്എസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തനത്തിലൂടെയാണ് ഷംസു പൊതുപ്രവർത്തനരംഗത്തേക്ക് എത്തിയത്. പിന്നീട് ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ്, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം, നഗരസഭാ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജീവിതത്തിൽ മാത്രമല്ല, മരണത്തിലും അദ്ദേഹം മാതൃകയായി. 2020ൽ തന്റെ 52–ാം വയസിൽ മരണപ്പെടുമ്പോൾ മൃതദേഹം പഠനാവശ്യത്തിന്‌ മെഡിക്കൽ കോളേജിന് വിട്ടുനൽകിയാണ്‌ വിടപറഞ്ഞത്‌. ഇന്ന് സിഐടിയു ജില്ലാ സമ്മേളനത്തിനായി മഞ്ചേരി ഒരുങ്ങുമ്പോൾ ആ ഓർമകൾ തിളങ്ങുകയാണ്‌. സമ്മേളനപ്പന്തലിലെ ഓരോ മുദ്രാവാക്യത്തിലും ഷംസുവിന്റെ പോരാട്ടവീര്യത്തിന്റെ തുടർച്ചയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home