ad
Deshabhimani

45 വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന താപനില

ചുട്ടുപൊള്ളുന്നു

a
avatar
പി അഭിഷേക്

Published on Sep 09, 2026, 12:23 AM | 2 min read

മലപ്പുറം

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ക്ഷയിച്ചതോടെ ചുട്ടുപൊള്ളി ജില്ല. ഉയര്‍ന്ന പ്രതിദിന താപനില 32 ഡിഗ്രി സെല്‍ഷ്യസ് കടന്നു. 45 വര്‍ഷത്തിനിടെ സെപ്തംബറിലുണ്ടായ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനിലയാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചമുതല്‍ ചൊവ്വാഴ്ചവരെയുള്ള അഞ്ച് ദിവസത്തെ ശരാശരി ഉയര്‍ന്ന താപനില 32.3 ഡിഗ്രി സെല്‍ഷ്യസാണ്. വെള്ളി- –32.2, ശനി –32.3, ഞായര്‍ –32.7, തിങ്കള്‍ –32.3, ചൊവ്വ –32 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. പകല്‍ സമയത്തെ അപേക്ഷിച്ച് രാത്രികാലങ്ങളില്‍ ചൂട് കുറയുമെങ്കിലും നിലവില്‍ സ്ഥിതി വ്യത്യസ്തമാണ്. 25 ഡിഗ്രി സെല്‍ഷ്യസിനുമുകളിലാണ് ഈ ദിവസങ്ങളിലെ കുറഞ്ഞ താപനില. വരുംദിവസങ്ങളിലും ജില്ലയില്‍ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച 32 ഡിഗ്രി സെല്‍ഷ്യസുണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അല്‍പ്പം കുറയുമെങ്കിലും 30 ഡിഗ്രി സെല്‍ഷ്യസുവരെ ഉയരും. ശനി, ഞായര്‍ ദിവസങ്ങളിലും 32 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ് മുന്നറിയിപ്പ്. "വെതര്‍ ബ്ലേസ്' കാലാവസ്ഥാ വെബ്സൈറ്റിന്റെ കണക്കനുസരിച്ച് 1981ന് ശേഷം ഇത്രയും ചൂട് സെപ്തംബറിലുണ്ടാകുന്നത് ആദ്യമായാണ്. 2015ല്‍ സെപ്തംബറിലെ ശരാശരി താപനില 28.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇതുവരെയുണ്ടായിരുന്ന ഏറ്റവും ചൂടുകൂടിയ സെപ്തംബര്‍ അതായിരുന്നു. ആമാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന താപനില 30.4 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലെ ശരാശരി ഉയര്‍ന്ന താപനില 27.6 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും ഉയര്‍ന്ന പ്രതിദിന താപനില 29.1 ഡിഗ്രി സെല്‍ഷ്യസുംമാത്രമായിരുന്നു.​


ഇവ ശ്രദ്ധിക്കണം

​• ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, സംഭാരം (മോര്), നാരങ്ങാവെള്ളം, ഉപ്പുവെള്ളം എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്തും • പ്രത്യേക കരുതൽ വേണ്ടവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മറ്റ് രോഗമുള്ളവർ എന്നിവർ കടുത്ത ചൂടിൽ പുറത്തിറങ്ങരുത് • തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ ജോലിസമയം ക്രമീകരിക്കുകയും ഇടയ്ക്കിടെ തണലിൽ വിശ്രമിക്കുകയും വേണം • പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ധരിക്കുക • ശരീരം മുഴുവൻ മൂടുന്നതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കഴിവതും ലൈറ്റ് കളർ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുക • വെള്ളരി, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങി ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുക • അമിതമായ ക്ഷീണം, തലകറക്കം, തലവേദന, വിയർപ്പ് തീരെയില്ലാത്ത അവസ്ഥ, ഛർദ്ദി/ ബോധക്ഷയം എന്നിവയുണ്ടായാൽ ഡോക്ടറുടെ സഹായം തേടുക


മലയോരത്തും 
ചൂട് കൂടുന്നു


കനത്ത ചൂടില്‍ വെന്തുരുകി മലയോരവും. സാധാരണ മലയോരമേഖലയില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ ഉയര്‍ന്ന ചൂടാണ് നിലവിലുള്ളത്. മണ്‍സൂണ്‍ മഴ കുറഞ്ഞതാണ് പ്രധാന കാരണം. കാടുകള്‍ തിങ്ങിനിറഞ്ഞ പ്രദേശത്ത് മുന്‍വര്‍ഷങ്ങളില്‍ തണുപ്പ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍, ഇക്കുറി എല്‍നിനോ പ്രതിഭാസം തിരിച്ചടിയായി. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ചതിച്ചതോടെ ചൂടും വര്‍ധിച്ചു. മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചു. സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ചൂടിനൊപ്പമുള്ള വൈദ്യുതി മുടക്കവും പ്രതിസന്ധിയാണ്. തിങ്കളാഴ്ച രാത്രി പലതവണ വൈദ്യുതി നിലച്ചു. ചൊവ്വാഴ്ച രാവിലെയും പവര്‍ കട്ടുണ്ടായി. ഇതോടെ ജനജീവിതം താളംതെറ്റി. കരുളായി സെക്ഷനുകീഴിൽ തിങ്കളാഴ്ച രാത്രി 8.45ന് പവര്‍ കട്ടുണ്ടായി. 30 മിനിറ്റായിരുന്നു നിയന്ത്രണം. 10.50ന് വീണ്ടും കറണ്ടുപോയി. 11.20നാണ് പുനഃസ്ഥാപിച്ചത്. മലയോരത്തെ മറ്റ് പഞ്ചായത്തുകളിലും ഇതുതന്നെയാണ് അവസ്ഥ. ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ ഒമ്പതുവരെയും വൈദ്യുതി മുടങ്ങി. ഇതോടെ രാവിലെ ജോലിക്ക് പോകുന്നവരും വിദ്യാര്‍ഥികളും ബുദ്ധിമുട്ടിലായി. രാവിലെ വീട്ടിലെ മോട്ടോര്‍ ഇടാനോ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിക്കാനോ കഴിഞ്ഞില്ല. ഹോട്ടല്‍, ബേക്കറി, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്കും വൈദ്യുതിമുടക്കം തിരിച്ചടിയായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home