print edition ലക്ഷം പേരുടെ റാലി പ്രതിപക്ഷ നേതാവ് ഉദ്‌ഘാടനം ചെയ്യും; സിഐടിയു സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

ആനത്തലവട്ടം ആനന്ദൻ നഗർ (മാമ്മൻ മാപ്പിള ഹാൾ, കോട്ടയം):
തൊഴിലാളി ശക്തിയുടെ കരുത്ത് വിളിച്ചോതി, ഒരുലക്ഷംപേർ അണിനരക്കുന്ന മഹാറാലിയോടെ സിഐടിയു 16–ാം സംസ്ഥാന സമ്മേളനം തിങ്കളാഴ്‌ച സമാപിക്കും. വി എസ് അച്യുതാനന്ദൻ നഗറിൽ (നാഗന്പടം നെഹ്‌റു സ്റ്റേഡിയം) പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
അഖിലേന്ത്യ പ്രസിഡന്റ് സുദീപ് ദത്തയും സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും തിങ്കളാഴ്‌ച പൊതുചർച്ചയ്‌ക്ക് മറുപടി പറയും. തുടർന്ന് ഭാരവാഹി തെരഞ്ഞെടുപ്പ്.
പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എളമരം കരീം സംഘടനാ വിപുലീകരണ മാർഗരേഖ അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിൽ പൊതുചർച്ച ഞായറാഴ്‌ച പൂർത്തിയായി. 52 പേർ പങ്കെടുത്തു. കശുവണ്ടി, കൈത്തറി, ബീഡി, കയർ തുടങ്ങിയ പരന്പരാഗത തൊഴിൽമേഖലകളിലുണ്ടായ തകർച്ചയും അത് തൊഴിലാളികളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റവും ചർച്ചചെയ്‌തു. ടൂറിസം, ഷോപ്പിങ് മാൾ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിപക്ഷം പെൺകുട്ടികൾക്കും മതിയായ വേതനം ലഭിക്കുന്നില്ലെന്ന കാര്യവും ചർച്ചയിൽ ഉയർന്നു. വിവര സങ്കേതിക മേഖലയിൽ കന്പനികൾ മുന്നറിയിപ്പില്ലാതെ അടച്ചിട്ട് തൊഴിൽ നിഷേധിക്കുന്ന സ്ഥിതിയുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു.
സിഐടിയു തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എസ് കണ്ണൻ, കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ എന്നിവർ അഭിവാദ്യംചെയ്‌തു. തിരുനക്കര മൈതാനത്ത് ഓപ്പൺ ഫോറവും ‘മിസ’ നാടകവും അരങ്ങേറി.









0 comments