print edition മിനി മുത്തൂറ്റ് ജീവനക്കാരുടെ പണിമുടക്ക് 13 മുതൽ; പ്രചാരണ ജാഥ തുടങ്ങി

തിരുവനന്തപുരം: മിനി മുത്തൂറ്റ് മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ തിരുവനന്തപുരം ജില്ലയിലെ ജീവനക്കാരുടെ സൂചനാപണിമുടക്ക് തിങ്കളാഴ്‌ച ആരംഭിക്കും. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ 72 മണിക്കൂറാണ് പണിമുടക്ക്.
മിനിമംവേതനം 26,000 രൂപയാക്കുക, പ്രതികാരബുദ്ധിയോടെയുള്ള സ്ഥലംമാറ്റങ്ങളും അച്ചടക്ക നടപടികളും അവസാനിപ്പിക്കുക, സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, വനിതാ ജീവനക്കാർക്കുനേരെ നടക്കുന്ന അധിക്ഷേപങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
പണിമുടക്കിന്റെ പ്രചാരണത്തിനായി ജില്ലയിലെ ശാഖകളിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി സി രതീഷിന്റെ നേതൃത്വത്തിൽ പര്യടനം ആരംഭിച്ചു. വെള്ളിയാഴ്‌ചവരെ പര്യടനം തുടരും.
ചൊവ്വാഴ്‌ച നേമം, കരമന,തളിയിൽ, കമലേശ്വരം, വള്ളക്കടവ്, വലിയതുറ, പേട്ട കുളത്തൂർ, ടെക്നോപാർക്ക്, തുമ്പ, കഴക്കൂട്ടം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കുമാരപുരം, വാൻറോസ്, ഇടപ്പഴഞ്ഞി, വെള്ളയമ്പലം വട്ടിയൂർക്കാവ്, കാച്ചാണി, കുടപ്പനക്കുന്ന്, മണ്ണന്തല ബ്രാഞ്ചുകളിൽ പര്യടനം നടത്തി.
അസോസിയേഷൻ മിനി മുത്തൂറ്റ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി കെ എസ് ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി എൽ നന്ദകുമാർ, വി സി ഗിരീഷ് കുമാർ, പി രാജേഷ് എന്നിവർ പങ്കെടുത്തു.











0 comments